ജി 7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആൽബർട്ട. ജൂൺ 15 മുതൽ 17 വരെ കനനാസ്കിസിലാണ് ഉച്ചകോടി നടക്കുന്നത്. കാനഡ, യുഎസ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.
ഉച്ച കോടിക്ക് മുന്നോടിയായി ഓട്ടവയിൽ നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ആഴ്ച ധനകാര്യ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്‌നും ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെമും ജി 7 പ്രതിനിധികളുമായി ഉച്ചകോടിക്കുള്ള തയ്യാറെടുപ്പിനായി ബാൻഫിലിൽ കൂടിക്കാഴ്ച നടത്തും. പ്രധാന നേതാക്കൾ എത്തുന്നതിനാൽ ഉച്ചകോടിയിലെ സുരക്ഷയുടെ ഉത്തരവാദിത്തം ഇൻ്റഗ്രേറ്റഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗ്രൂപ്പിനാണ് (ISSG). ആർസിഎംപിയാണ് ഇതിന് നേതൃത്വം നൽകുന്നത്. കാൽഗറി പോലീസ് സർവീസ്, ആൽബെർട്ട ഷെരീഫ്‌സ് ബ്രാഞ്ച്, ആൽബെർട്ട ഫോറസ്ട്രി ആൻഡ് പാർക്കുകൾ, കനേഡിയൻ ആംഡ് ഫോഴ്‌സ് എന്നിവയും സുരക്ഷാകാര്യങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഉച്ചകോടിയോട് അനുബന്ധിച്ച് ജൂൺ 10 മുതൽ 18 വരെ കനനാസ്കിസിന് ചുറ്റുമുള്ള വലിയൊരു പ്രദേശത്ത് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കൾക്ക് പുറെ 70 വിശിഷ്ടാതിഥികളും രണ്ടായിരത്തോളം ഡെലിഗേറ്റുകളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 2002ലും കനനാസ്കിസ് ജി 7 ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചിരുന്നു.