പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം, വേതനത്തിലെ സ്തംഭനാവസ്ഥ എന്നിവ കാനഡയില്‍ താമസിക്കുന്നത് ചെലവേറിയതാക്കി മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് കാനഡ നടത്തിയ സര്‍വേയില്‍ ഒരു ദിവസം മതിയായ സമ്പാദ്യം കൈവശമില്ലാത്തതിനാല്‍ കാനഡയില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ആശങ്കാകുലരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 20 ശതമാനം എന്ന പൊതുനിയമത്തിന് പകരം, വരുമാനത്തിന്റെ ഏഴ് ശതമാനം മാത്രം മാറ്റിവെക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്നതായി പറഞ്ഞപ്പോള്‍, 81 ശതമാനം പേര്‍ പറയുന്നത് വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കൊപ്പം വരുമാനം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ്.
ലെഗര്‍ നടത്തിയ പഠനമനുസരിച്ച്, മൂന്നിലൊന്നില്‍ കൂടുതല്‍ യുവാക്കള്‍ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് ഒന്നിലധികം വരുമാന സ്രോതസ്സുകളെ ആശ്രയിക്കുന്നുണ്ട്. പങ്കെടുത്തവരില്‍ 94 ശതമാനം പേരും പറയുന്നത് പാഷന്‍, ഹോബി, അല്ലെങ്കില്‍ താല്‍പ്പര്യം എന്നതിനപ്പുറത്തേക്ക് കൂടുതല്‍ പണം സമ്പാദിക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞതായി പഠനത്തില്‍ വ്യക്തമാക്കുന്നു.
പ്രാഥമിക ജോലികളില്‍ 100,000 ഡോളറില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ ഉള്‍പ്പെടെ ഏകദേശം പകുതിയോളം പേരും മറ്റ് ജോലിയില്ലെങ്കില്‍ തങ്ങള്‍ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാകുമെന്ന് പറയുന്നു. അതിനാല്‍
പ്രധാനമായും ഒരു ജോലിയുള്ളവര്‍ സാമ്പത്തിക നിലനില്‍പ്പിനായി മറ്റ് ജോലികളും കണ്ടെത്തുന്നു. ഇതിന് സൈഡ് ഹസിലെന്ന് പറയുന്നു. അധികമായി വരുമാനം ലഭിക്കുന്ന ചെറു ജോലികളെ സൈഡ് ഹസിലെന്ന് വിളിക്കാം. മിക്കവരും മാനസിക സമ്മര്‍ദ്ദമില്ലാത്ത പാര്‍ട്ട്‌ടൈം ജോലികളാണ് തേടുന്നത്. ഫ്രീലാന്‍സിംഗ്, ഇ-കൊമേഴ്‌സ്, ഡെലിവറി, ഡോഗ് വാക്കിംഗ്, ടീച്ചിംഗ്, വെര്‍ച്വല്‍ അസിസ്റ്റന്റ്, ഫിറ്റ്‌നസ് ഇന്‍സ്ട്രക്റ്റര്‍/കോച്ച് തുടങ്ങിയ ജോലികളാണ് പ്രധാനമായും കാനഡയില്‍ താമസിക്കുന്നവര്‍ രണ്ടാമതൊരു ജോലിയായി ചെയ്യുന്നത്.