കാനഡയിലെത്തുന്ന പുതിയ കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് തട്ടിപ്പ് നടത്തിയ ഓക്ക്‌വില്ലെ സ്വദേശി പിടിയിലായി. റാഫേല്‍ ലെയ്ടണ്‍ എന്ന 53 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വഞ്ചന, ഐഡന്റിറ്റി തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസ് അറിയിച്ചു.
സമീപകാലത്തായി കാനഡയിലെത്തുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഹാള്‍ട്ടണ്‍ പോലീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംസ് യൂണിറ്റ് ഏപ്രിലില്‍ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ലെയ്ടണ്‍ അറസ്റ്റിലാകുന്നത്. കുടിയേറ്റക്കാരില്‍ മിക്കവരും ഊബര്‍ അല്ലെങ്കില്‍ ലിഫ്റ്റ് ഡ്രൈവര്‍മാരായാണ് ജോലി ചെയ്തിരുന്നത്. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനിലെ എക്‌സിക്യൂട്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തി ഇരകള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പാസ്‌പോര്‍ട്ടുകള്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ് നനമ്പറുകള്‍, ബാങ്കിംഗ് വിവരങ്ങള്‍, സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത രേഖകള്‍ നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ഇതുപയോഗിച്ച് മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ത്തി ഇരകളെ തട്ടിപ്പിനിരയാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഫലമായി ഇതുവരെ മൂന്ന് ഇരകളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇതുവരെ പരാതി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഇരകള്‍ ഇനിയുമുണ്ടാകാമെന്ന് പോലീസ് പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ തട്ടിപ്പിനിരയായെന്ന് കരുതുന്നവരോ ഉണ്ടെങ്കില്‍ 905-825-4777, ext. 8737 എന്നീ നമ്പറുകളില്‍ ക്രൈംസ് യൂണിറ്റുമായി ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.