നോര്‍ത്ത് കാനഡയില്‍ യാത്രയ്ക്കും ചരക്കുനീക്കത്തിനും കൂടുതലായി ഉപയോഗിക്കുന്നത് പഴക്കം ചെന്ന വിമാനങ്ങള്‍: റിപ്പോര്‍ട്ട് 

By: 600002 On: May 20, 2025, 8:01 AM

 

 


യാത്രയ്ക്കായി കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ മറ്റ് രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കാനഡയിലാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പഴകിയ വിമാനങ്ങള്‍ കാനഡയില്‍ അസാധാരണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 50 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോണ്‍ട്രിയലിലെ ട്രൂഡോ വിമാനത്താവളത്തില്‍ നിന്നും 1600 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്തേണ്‍ ക്യുബെക്കിലെ പുവിര്‍നിറ്റുക്കിലേക്ക് ഏകദേശം 50 വര്‍ഷം പഴക്കമുള്ള എയര്‍ ഇന്യൂട്ട് വിമാനമാണ് സര്‍വീസ് നടത്തുന്നതെന്നത് ഇതിന് ഉദാഹരണമാണ്. 

വിമാനങ്ങളുടെ കാലപ്പഴക്കം അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനക്ഷമതയില്ലായ്മയ്ക്കും കാരണമാകും. മറ്റ് ചിലര്‍ ഇത്തരം വിമാനങ്ങളിലെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ വിദൂര സ്ഥലങ്ങളിലേക്കുള്ള വാണിജ്യയാത്രകള്‍ക്കും ചരക്കുനീക്കങ്ങള്‍ക്കും അവ ഏറ്റവും അനുയോജ്യമാണെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. 

ഇന്‍ഡസ്ട്രി ഡാറ്റ പ്രൊവൈഡറായ സിഎച്ച്-ഏവിയേഷന്റെ കണക്കുകള്‍ പ്രകാരം, ഷെഡ്യൂള്‍ ചെയ്തതോ ചാര്‍ട്ടര്‍ ചെയ്തതോ ആയ റൂട്ടുകളില്‍ യാത്രക്കാരെ വഹിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ 30 ജെറ്റുകളില്‍ 13 എണ്ണം കാനഡയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വിമാനങ്ങളെല്ലാം 42 നും 52 നും ഇടയില്‍ വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-200 വിമാനങ്ങളാണ്. ആദ്യ 30 സ്ഥാനങ്ങളില്‍ ആറ് ജെറ്റുകളുമായി വെനസ്വേല രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. 

പാസഞ്ചര്‍ സര്‍വീസിനായി വിന്യസിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ 50 പാസഞ്ചര്‍ ജെറ്റുകളില്‍ എട്ടെണ്ണം കാനഡയിലേതാണ്. ഏറ്റവും കാലം സേവനമനുഷ്ഠിച്ച രണ്ട് വിമാനങ്ങള്‍ 50 ഉം 51 ഉം വര്‍ഷം പഴക്കമുള്ളതാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ജോഡി ചാര്‍ട്ടര്‍ ജെറ്റുകള്‍ക്ക് തൊട്ടുപിന്നിലാണ് ഇവയുടെ സ്ഥാനം.  ഇതില്‍ പഴക്കം ചെന്നത് 1971 ല്‍ നിര്‍മിച്ചതാണ്. കനേഡിയന്‍ എയര്‍ലൈന്‍സിനായി നിര്‍മിച്ച വിമാനം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് പഴയ വിമാനങ്ങള്‍ തന്നെ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാനഡയില്‍ വടക്കന്‍ പ്രദേശത്തുള്ള 117 വിദൂര വിമാനത്താവളങ്ങളില്‍ ഏഴെണ്ണം ഒഴികെ ബാക്കിയെല്ലാം ടാറിംഗ് ഇല്ലാത്തതാണെന്ന് വടക്കന്‍ മേഖലയിലെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള 2017 ലെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

അതേസമയം, 2014 ല്‍ എംഐടി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തിയ പഠനത്തില്‍, നോര്‍ത്ത് അമേരിക്കയിലെയും യൂറോപ്പിലെയും വിമാനങ്ങളുടെ പഴക്കവും അവയുടെ അപകടനിരക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. നിര്‍മാണ രീതിയേക്കാള്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണി വളരെ പ്രധാനമാണെന്ന് നുനാവിക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്ലെന്‍കോര്‍ കാനഡയിലെ റാഗ്ലാന്‍ മൈനിലെ ഏവിയേഷന്‍ ഡയറക്ടര്‍ പിയറി ക്ലെമന്റ് പറയുന്നു.