സാംസങ്ങ് മൊബൈൽ കമ്പനിയുമായുള്ള തർക്കത്തിൽ ബിസി സ്വദേശിക്ക് അനുകൂലമായി കോടതി വിധി. പഴയ ഫോൺ മടക്കി വാങ്ങുന്നതിന് നല്കിയ തുക നേരത്തെ നിശ്ചയിച്ചതിൽ നിന്ന് കുറയ്ക്കാനുള്ള സാംസങ്ങളിൻ്റെ നടപടിക്കെതിരെ നല്കിയ കേസിലാണ് ബിസി സ്വദേശിയായ രജത് വർമ്മയ്ക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്. രജതിൻ്റെ ഫോണിൻ്റെ ട്രേഡ് ഇൻ വാല്യൂ 145ൽ നിന്ന് 58 ഡോളറായാണ് സാംസങ് കമ്പനി കുറച്ചത്. ഇതിനെതിരെയാണ് രജത് കോടതിയെ സമീപിച്ചത്.
2023 ഒരു പുതിയ ഫോൺ വാങ്ങുന്നതിൻ്റെ ഭാഗമായാണ് രജത് തൻ്റെ പഴയ ഫോൺ മടക്കി നല്കിയത്. സാംസങ് വെബ്സൈറ്റിൽ തന്നെയുള്ളൊരു ടൂൾ ഉപയോഗിച്ചാണ് പഴയ ഫോണിന് വില നിശ്ചയിച്ചത്. ഇതനുസരിച്ച് 145 ഡോളറായിരുന്നു വില. എന്നാൽ ഫോൺ ഡാമേജ് ആയതിനാൽ പിന്നീടത് 58 ഡോളറാക്കി ചുരുക്കിയെന്ന് സാംസങ് അറിയിച്ചു. ഇ മെയിൽ വഴി ഡാമേജുമായി ബന്ധപ്പെട്ട് രജത് സാംസങ്ങിനോട് വിശദാംശങ്ങൾ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതേ തുടർന്നാണ് രജത് കോടതിയെ സമീപിച്ചത്. ഡിസ്ലെ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നാണ് രജത് അറിയിച്ചിരുന്നതെന്നും എന്നാൽ അങ്ങനെയല്ലാത്തതിനാലാണ് വില കുറച്ചതെന്നും സാംസങ് ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലെന്ന് രജത് ട്രൈബ്യൂണലിൽ സമർപ്പിച്ച ഫോണിൻ്റെ ചിത്രങ്ങളിലൂടെ വ്യക്തമായി. ഇതോടെയാണ് ട്രൈബ്യൂണൽ രജതിന് അനുകൂലമായി തീരുമാനം എടുത്തത്.