വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ "വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്" പാസാക്കാൻ യുഎസ് ഹൗസ് ബജറ്റ് കമ്മിറ്റി ഞായറാഴ്ച വോട്ട് ചെയ്തു. അമേരിക്കയിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും നാട്ടിലേക്ക് പണം അയയ്ക്കുന്നത് വലിയ ചെലവേറിയതാക്കുന്നതാണ് പുതിയ ബിൽ. വെള്ളിയാഴ്ച, ബജറ്റ് കമ്മിറ്റിയിലെ കടുത്ത നിലപാടുള്ള ഒരു വിഭാഗം ട്രംപിനെയും റിപ്പബ്ലിക്കൻ നേതാക്കളെയും വെല്ലുവിളിച്ച് നിയമനടപടികൾക്കെതിരെ വോട്ട് ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ 17-16 വോട്ടിന് ബിൽ പാസാവുകയായിരുന്നു.
എച്ച് -1 ബി പോലുള്ള നോൺ-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീൻ കാർഡ് ഉടമകളും ഉൾപ്പെടെ യുഎസ് പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകൾക്കും അഞ്ച് ശതമാനം നികുതി ചുമത്താനാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. നിയമം പാസാക്കിയാൽ, മറ്റ് രാജ്യത്തേക്ക് അയക്കുന്ന തുകയുടെ 5 ശതമാനം, അയക്കുന്ന സമയത്ത് തന്നെ ഈടാക്കും. ചെറിയ തുകകളുടെ കൈമാറ്റങ്ങൾക്ക് പോലും ഇത് ബാധകമാകുമെന്നതാണ് വലിയ തിരിച്ചടി.
1,116 പേജുള്ള നിയമം പണം അയക്കുന്നതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് പ്രതിപാദിക്കുന്നത്, പണം അയക്കുന്നയാൾ ഒരു യുഎസ് പൗരൻ ആണെങ്കിൽ, അത് പരിശോധിച്ചുറപ്പിച്ച ശേഷം പണം അയക്കലുകൾക്ക് അഞ്ച് ശതമാനം എന്ന നിബന്ധന ബാധകമാകില്ല. അമേരിക്കയിൽ താമസിക്കുന്ന ഏകദേശം 45 ലക്ഷം ഇന്ത്യക്കാർക്കും, അതിൽ ഏകദേശം 32 ലക്ഷം ഇന്ത്യൻ വംശജർക്കും ഈ നിയമം വലിയ സാമ്പത്തിക തിരിച്ചടിയായേക്കും.
റിസർവ് ബാങ്ക് മാർച്ചിൽ പ്രസിദ്ധീകരിച്ച സർവേ പ്രകാരം, 2023-24ൽ ഇന്ത്യയിലേക്കയച്ച, മൊത്തം 118.7 ബില്യൺ ഡോളറിൽ ഏകദേശം 28 ശതമാനം, അഥവാ 32 ബില്യൺ ഡോളർ അമേരിക്കയിൽ നിന്നാണ്. ഈ കണക്ക് അടിസ്ഥാനമാക്കി, നിയമം പ്രാബല്യത്തിൽ വന്നാൽ ഇന്ത്യൻ സമൂഹം 1.6 ബില്യൺ ഡോളർ (32 ബില്യൺ ഡോളറിന്റെ 5 ശതമാനം) പണമയയ്ക്കാൻ നികുതിയായി നൽകേണ്ടി വരും. നിർദ്ദിഷ്ട നികുതി നീക്കം പണമയയ്ക്കലിൽ മാത്രം ഒതുങ്ങുന്നില്ല. നിക്ഷേപ വരുമാന കൈമാറ്റങ്ങളെയും സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള വരുമാനത്തെയും ബാധിക്കും. പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ കുടുംബങ്ങളെ സഹായിക്കാനോ നാട്ടിൽ നിക്ഷേപം നടത്താനോ ഉപയോഗിക്കുന്ന മാർഗ്ഗമാണിത്.