ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് യു എസ് ചുമത്തിയ തീരുവകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചില്ലറ വ്യാപാര ഭീമനായ വാൾമാർട്ടിനാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. വിലവർദ്ധനവിലൂടെ താരിഫുകളുടെ ഭാരം അമേരിക്കൻ ഉപഭോക്താക്കളുടെ മേൽ ചുമത്തുന്നതിനു പകരം, വാൾമാർട്ടും ചൈനയും സാമ്പത്തിക ഭാരം സ്വയം ഏറ്റെടുക്കണമെന്നും ട്രംപ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലറായ വാൾമാർട്ട് മെയ് അവസാനത്തോടെ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു യുഎസ് പ്രസിഡൻ്റിൻ്റെ പ്രസ്താവന. ട്രംപിൻ്റെ താരിഫ് വളരെ ഉയർന്നതാണ് പ്രത്യേകിച്ച് ചൈനീസ് ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ. ഇതാണ് വില വർധനവിന് കാരണമായതെന്ന് വാൾമാർട്ട് സിഇഒ ഡഗ്ലസ് മക്മില്ലൺ പറഞ്ഞു. ഇതേ തുടർന്നാണ് മറുപടിയുമായി ട്രംപ് രംഗത്തെത്തിയത്. വില ഉയരുന്നതിന് കാരണം താരിഫാണെന്ന് കുറ്റപ്പെടുത്തുന്നത് വാൾമാർട്ട് അവസാനിപ്പിക്കണമെന്നും കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിലും കോടിക്കണക്കിന് ഡോളർ വാൾമാർട്ട് സമ്പാദിച്ചു വെന്നും ട്രംപ് പറയുന്നു. അതിനാൽ താരിഫിനെ തുടർന്നുള്ള സാമ്പത്തിക ഭാരം സ്വയം ഏറ്റെടുക്കണമെന്നും വാൾമാർട്ടിനോട് ട്രംപ് ആവശ്യപ്പെട്ടും. താൻ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ വില കഴിയുന്നത്ര കുറയ്ക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ആ രീതി തുടരുമെന്നുമാണ് വാൾമാർട്ടിൻ്റെ പ്രതികരണം. റീട്ടെയിൽ വില്പന രംഗത്തെ വളരെ ചെറിയ മാർജിനുകൾ കണക്കിലെടുക്കുമ്പോൾ, താരിഫിനെ തുടർന്നുള്ള അമിത സാമ്പത്തിക ഭാരം പൂർണ്ണമായി ഏറ്റെടുക്കാനാകില്ലെന്നും കമ്പനി അറിയിച്ചു.