ലോകത്ത് ഈ വർഷം വിൽക്കുന്ന കാറുകളിൽ നാലിൽ ഒന്നും ഇലക്ട്രിക് കാറുകൾ ആയിരിക്കുമെന്ന് പുതിയ റിപ്പോർട്ട്. ഇൻ്റർനാഷണൽ എനർജി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ ഉള്ളത്. 2030 ആകുമ്പോഴേക്കും പുതിയ കാറുകളിൽ 40 ശതമാനം ഇലക്ട്രിക് കാറുകൾ ആയിരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് കാർ വിപണിയിലെ അനിഷേധ്യ നേതാവ് ചൈനയാണെന്നും റിപ്പോർട്ടിലുണ്ട്.
2024ൽ ചൈനയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 40 ശതമാനം വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ പകുതിയോളം ഇലക്ട്രിക് ആയിരുന്നു, അതേസമയം യൂറോപ്പിൽ വിൽപ്പന വളർച്ച കുറവാണ്. യുഎസിൽ ഇത് വെറും 10 ശതമാനവുമായിരുന്നു. കാനഡയിൽ വില്ക്കുന്ന പുതിയ കാറുകളിൽ 17 ശതമാനം ഇലക്ട്രിക് വിഭാഗത്തിൽപ്പെടുന്നവയാണ്.കഴിഞ്ഞ വർഷം ഇത് 13 ശതമാനം മാത്രമായിരുന്നു. എങ്കിലും മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഓരോ വർഷവും 25000 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് കാനഡയിൽ നിർമ്മിക്കുന്നത്. യൂറോപ്പിലും യുഎസിലും, വിലകൂടിയ കാറുകളും കുറഞ്ഞ റിബേറ്റുകളും കാരണം ഇവി വിൽപ്പന വെല്ലുവിളികൾ നേരിടുന്നുണ്ട്. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ കാറുകളുടെ വിൽപ്പന ഉയർച്ചയുടെ പാതയിലാണ്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട്, പതിറ്റാണ്ടുകളായി ചൈന നടത്തിയ നിക്ഷേപങ്ങൾ എങ്ങനെ ഫലം കണ്ടുവെന്നും ഐഇഎയുടെ വാർഷിക ഗ്ലോബൽ ഇവി ഔട്ട്‌ലുക്കിൽ ഉണ്ട്.