കാനഡയിലെ ഏറ്റവും പഴയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ ശൃംഖലയായ ഹഡ്സൺ ബേ കമ്പനിയുടെ ബ്രാൻഡ് സ്വന്തമാക്കി കനേഡിയൻ ടയർ.30 ബില്യൻ കനേഡിയൻ ഡോളറിലാണ് ഹഡ്സൺ ബേ എന്ന ബ്രാൻഡ് കനേഡിയൻ ടയർ സ്വന്തമാക്കിയത്.
തങ്ങളുടെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാനും ശേഷിക്കുന്ന ആസ്തികൾ വിൽക്കാനും ഹഡ്‌സൺസ് ബേ കമ്പനി ഏതാനും മാസങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്നു. കൊവിഡിന് ശേഷം റീട്ടെയിൽ വ്യാപാര രംഗത്ത് വന്ന മാറ്റങ്ങളും, താരിഫിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങളും എല്ലാം പരിഗണിച്ചായിരുന്നു നടപടി. ഇതേ തുടർന്നാണ് ഹഡ്സൺ ബേ കമ്പനി എന്ന ബ്രാൻഡ് ഏറ്റെടുക്കാൻ രാജ്യത്തെ മറ്റൊരു റീട്ടെയിൽ ശൃംഖലയായ കനേഡിയൻ ടയർ തീരുമാനിച്ചത്. രാജ്യത്താകമാനം 1700ളം ഷോപ്പുകളുള്ള ശൃംഖലയാണ് കനേഡിയൻ ടയർ.350 വർഷം പഴക്കമുള്ള ഹഡ്സൺ ബേ 1670ലാണ് സ്ഥാപിക്കപ്പെട്ടത്. കമ്പിളി ബ്ലാങ്കറ്റുകൾ നിർമ്മിച്ച് തുടങ്ങിയ കമ്പനി പിന്നീട് ഡിപ്പാർട്ട്മെൻ്റ് സ്റ്റോറായി മാറുകയായിരുന്നു. മിക്ക നഗരങ്ങളുടെയും പ്രധാന ഭാഗങ്ങളിൽ ഹഡ്സൻ ബേയ്ക്ക് ഷോപ്പുകളും ഉണ്ടായിരുന്നു. ഈ ഷോപ്പുകൾ അടച്ചു പൂട്ടുമെങ്കിൽ കൂടി രാജ്യത്തെ ഏറ്റവും പഴയ ബ്രാൻഡുകളിലൊന്ന് നിലനില്ക്കുമെന്നത് ഒട്ടേറേപ്പേർക്ക് ആശ്വാസം പകർന്നിട്ടുണ്ട്.