കാല്‍ഗറിയിലെ ഫ്രാങ്ക്‌ലിന്‍ സ്റ്റേഷനില്‍ 350 വീടുകള്‍ സ്ഥാപിക്കുന്ന പുതിയ വികസന പദ്ധതി കാല്‍ഗറി സിറ്റി പ്രഖ്യാപിച്ചു. ഇതില്‍ പകുതിയും അഫോര്‍ഡബിള്‍ വീടുകളാണ്. മെമ്മോറിയല്‍ ഡ്രൈവിനും കാല്‍ഗറി ഡൗണ്‍ടൗണിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഫ്രാങ്ക്‌ലിന്‍ സ്റ്റേഷന്റെ ട്രാന്‍സിറ്റ് ഹബ്ബിലാണ് വികസന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഹൗസിംഗ് ഡെവലപ്പര്‍ ഓണ്‍വേഡുമായി(Onward) സഹകരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
അഫോര്‍ഡബിളായ വീടുകള്‍ നിര്‍മിച്ച് പാര്‍പ്പിടം എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് പറഞ്ഞു. ഫ്രാങ്ക്‌ലിന്‍ സ്റ്റേഷനിലായതിനാല്‍ ഗതാഗത സൗകര്യമാണ് ഏറ്റവും പ്രയോജനപ്പെടുക. മാത്രമല്ല, സ്‌കൂളുകളും അവശ്യ സേവനങ്ങളും സമീപത്ത് തന്നെ ഉള്ളതിനാല്‍ വളരെ വേഗത്തിലും എളുപ്പത്തിലും സേവനങ്ങള്‍ ലഭിക്കുന്നതിലും പ്രയോജനമാകുമെന്ന് മേയര്‍ പറഞ്ഞു.
കൂടുതല്‍ താങ്ങാനാകുന്നതും ജീവിക്കാന്‍ കഴിയുന്നതുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള കാല്‍ഗറിയുടെ ഹൗസിംഗ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ വികസന പദ്ധതി. കാല്‍ഗറിയില്‍ അഞ്ച് കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് നിലവില്‍ താമസിക്കുന്ന സ്ഥലം അഫോര്‍ഡബിളല്ലെന്ന് സിറ്റിയുടെ ഹൗസിംഗ് പേജ് പറയുന്നു. അഫോര്‍ഡബിളായ വീടുകള്‍ ലഭിക്കാനില്ലാത്ത കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ വീടുകള്‍ ആവശ്യമാണ്. അവര്‍ക്കായി ഭവന പദ്ധതികള്‍ കൂടുതലായി സിറ്റി ആസൂത്രണം ചെയ്യുന്നുണ്ടെന്നും പേജില്‍ വ്യക്തമാക്കുന്നു.