ദില്ലി: വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങി പാകിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്ന് പാക് നിർദേശം ഇന്ത്യ തള്ളി. പാക് മിസൈലുകൾ അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിട്ടെന്നും ഇത് ചെറുത്തെന്നും കരസേന വ്യക്തമാക്കി. ഇതിനിടെ പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.
രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല, ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാതെ ഒരു ചർച്ചയുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുള്ള പാക് നിർദേശം തള്ളുകയാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച്ച വെടിനിർത്തൽ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിന് വഴങ്ങുകയാണ് പാകിസ്ഥാൻ. ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങൾ കരസേനയുടെ വെസ്റ്റേണ് കമാൻഡ് പുറത്തു വിട്ടു.
അതേസമയം, അതിർത്തി ശാന്തമായി തുടരുകയാണ്. ഷെല്ലാക്രമണമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇന്നലെ രാത്രിയും റിപ്പോർട്ട് ചെയ്തില്ല. അതിർത്തിയിലെ സേന സാന്നിധ്യം കുറയ്ക്കുന്നതിൽ അല്ലാതെ ഒരു രാഷ്ട്രീയ വിഷയവും സേനകൾ ചർച്ച ചെയ്യേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനിടെ, പ്രത്യാക്രമണം പാകിസ്ഥാൻ നേരത്തെയറിഞ്ഞിതിനാൽ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന ചോദ്യം ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധി. നേരത്തെ വിദേശകാര്യമന്ത്രാലയമടക്കം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലെന്നും വിദേശകാര്യ മന്ത്രിയുടെ മൌനം അപലപനീയമെന്നും രാഹുൽ കുറ്റപ്പെടുത്തി. എന്നാൽ ഭീകരകേന്ദ്രങ്ങളെല്ലാം തകറ്ത്ത ശേഷമാണ് ഇത് സൈനിക നീക്കം അല്ലായെന്ന മുന്നറിയിപ്പ് നൽകിയതെന്ന് സറ്ക്കാറ് വൃത്തങ്ങൾ വീണ്ടും വ്യക്തമാക്കി.