വമ്പൻ നികുതിയിളവ് പ്രഖ്യാപിക്കാൻ കനേഡിയൻ സർക്കാർ

By: 600110 On: May 17, 2025, 3:43 PM

വമ്പൻ നികുതിയിളവ് പ്രഖ്യാപിക്കാൻ കനേഡിയൻ സർക്കാർ. സാധാരണ കുടുംബങ്ങൾക്ക് പ്രതിവർഷം 840 ഡോളർ വരെ ലാഭിക്കാൻ കഴിയുന്ന തരത്തിലുളള നികുതിയിളവാണ് സർക്കാർ പദ്ധതിയിടുന്നത്. ഏകദേശം 22 ദശലക്ഷം കനേഡിയൻമാർക്ക് ഇതിൻ്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജീവിതച്ചെലവ് കുറയ്ക്കുകയും എല്ലാവർക്കും ഗുണകരമായൊരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുമെന്ന വാഗ്ദാനവുമായാണ് ഞങ്ങൾ അധികാരത്തലേറിയത്. ആ വാഗ്ദാനം ഞങ്ങൾ   നിറവേറ്റുകയാണ്. 22 ദശലക്ഷം കനേഡിയൻമാർക്ക് പ്രയോജനം ലഭിക്കുന്ന നികുതി ഇളവ് പ്രഖ്യാപിക്കുന്നതിനാണ് പാർലമെൻ്റിൻ്റെ ഈ സെഷനിൽ ഞങ്ങൾ മുൻഗണന നല്കുന്നതെന്ന് പ്രധാമന്ത്രി മാർക് കാർണി എക്സിലൂടെ അറിയിച്ചു. ഇത് നടപ്പിലായാൽ ഏറ്റവും കുറഞ്ഞ വ്യക്തിഗത ആദായ നികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറയും. 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് ഇത് നടപ്പിലാക്കുക. ഇതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കനേഡിയൻമാർക്ക് 27 ബില്യൺ ഡോളറിലധികം നികുതി ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. നികുതി ഇളവിലൂടെ  കനേഡിയൻ പൌരന്മാർക്ക് അവരുടെ ശമ്പളത്തിൻ്റെ കൂടുതൽ തുക  പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിക്കാനോ നിക്ഷേപിക്കാനോ സഹായിക്കും. എന്നാൽ ഉയർന്ന ജീവിതച്ചെലവിനെ തുടർന്നുള്ള പ്രതിസന്ധി നേരിടാൻ ഈ നടപടി പര്യാപ്തമല്ലെന്നാണ് ചില വിദഗ്ധർ പറയുന്നത്. ഇതിനായി ഫെഡറൽ സർക്കാർ ആനുകൂല്യങ്ങളും ക്രെഡിറ്റുകളും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു.