കനേഡിയൻ സേനയിൽ പുതുതായി ചേരുന്നവരുടെ കൊഴിഞ്ഞുപോക്ക് കൂടുന്നതായി റിപ്പോർട്ട്

By: 600110 On: May 17, 2025, 3:33 PM

കനേഡിയൻ സേനയിൽ പുതുതായി ചേരുന്നവരുടെ കൊഴിഞ്ഞുപോക്ക് കൂടുന്നതായി റിപ്പോർട്ട്. കൊഴിഞ്ഞു പോക്ക് ശരാശരിയുടെ ഇരട്ടിയിലധികമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലുള്ള റിക്രൂട്ട്മെൻ്റ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് സൈന്യം ഉറപ്പിച്ച് പറയുമ്പോഴും കാര്യങ്ങൾ അങ്ങനെ അല്ലെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പുതുതായി ചേർന്ന അംഗങ്ങളിൽ 9.4 ശതമാനം പേരാണ് രാജിവച്ചത്. പരിശീലന കാലതാമസവും സൈനിക ജീവിതവുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുമാണ് പുതിയ അംഗങ്ങളിൽ പലരും പിരിയുന്നതിൻ്റെ പ്രധാന  കാരണം.  റിക്രൂട്ട് ചെയ്യപ്പെട്ട പുതിയ അംഗങ്ങൾ, പരിശീലനത്തിനായി 206 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ആവശ്യത്തിന് പരിശീലകർ, ഉപകരണങ്ങൾ, പരിശീലന സൗകര്യങ്ങൾ തുടങ്ങിയവ ഇല്ലാത്തതിനാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. നിലവിൽ കനേഡിയൻ സായുധ സേനയിൽ 14,000 പേരുടെ കുറവുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് നികത്താൻ  റെഗുലർ, റിസർവ് സേനകളിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നതും പ്രതിസന്ധിയിലാണ്.  ഇതിനു പുറമെ പരിചയസമ്പന്നരായ സൈനികരെയും നാവികരെയും വ്യോമസേനാംഗങ്ങളെയും നിലനിർത്താനുള്ള ശ്രമങ്ങളും തിരിച്ചടി നേരിടുകയാണ്.  ഇതിനായി സ്ഥാപിച്ച ദേശീയ പ്രതിരോധ വകുപ്പിൻ്റെ പ്രത്യേക ഓഫീസിനുള്ള ഫണ്ട് വെട്ടിക്കുറച്ചതോടെയാണ് ഇത്.