കനേഡിയൻ റിയൽ എസ്റ്റേറ്റ് വിപണി ഒരു മാറ്റത്തിൻ്റെ വഴിയിലെന്ന് കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA). വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടർന്ന്, കാനഡയിലെ ഭവന വിപണി മന്ദഗതിയിൽ ആയെങ്കിലും കാര്യങ്ങൾ പതുക്കെ മെച്ചപ്പെടാൻ തുടങ്ങിയേക്കാമെന്നാണ് ഏറ്റവും പുതിയ ഡാറ്റകൾ സൂചിപ്പിക്കുന്നത്.
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ്റെ (CREA) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏപ്രിലിൽ, വീടുകളുടെ വിൽപ്പനയിൽ 9.8 ശതമാനത്തിൻ്റെ കുറവുണ്ടായിട്ടുണ്ട്. എങ്കിലും, സീസണൽ അടിസ്ഥാനത്തിൽ, വിലയിരുത്തിയാൽ വില്പനയിൽ കാര്യമായ മാറ്റങ്ങളില്ലെന്നാണ് വ്യക്തമാകുന്നത്. താരിഫുകൾ ആദ്യമായി പ്രഖ്യാപിച്ച ജനുവരി 20 മുതൽ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. തുടർന്ന് മാർച്ച് വരെയുള്ള കാലയളവിൽ വില്പനയിൽ വലിയ കുറവുണ്ടായി. എന്നാൽ ഏപ്രിൽ മാസത്തോടെ ഇതിൽ മാറ്റം വന്നു. തുടർന്ന് വില്പനയിൽ കാര്യമായ കുറവുണ്ടായില്ല. ഇതിൽ നിന്ന് വ്യക്തമാകുന്നത്, റിയൽ എസ്റ്റേറ്റ് വിപണി ഇതിനകം തന്നെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ പിന്നിട്ടുവെന്നാണെന്ന് വിദഗ്ധർ പറയുന്നു. താരിഫും വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുമെന്ന് കാത്തിരിക്കുകയാണ് വീട് വാങ്ങാനും വില്ക്കാലും ആഗ്രഹിക്കുന്നവരിൽ പലരും. അത് പോലെ ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്കുകളും ഇവരെ സംബന്ധിച്ച് നിർണ്ണായകമാണ്.