ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവടങ്ങളില്‍ നിന്നും ചില വടക്കേ അമേരിക്കന്‍ റൂട്ടുകളില്‍ നോണ്‍-സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ പുനരാരംഭിച്ചതായി എയര്‍ ഇന്ത്യ. അതേസമയം, യൂറോപ്പിലെ ചെലവേറിയതും ലോജിസ്റ്റിക്കായി വെല്ലുവിളി നിറഞ്ഞതുമായ സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയതായി സിഎച്ച്-ഏവിയേഷന്‍ അനാലിസിസ് വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ട പശ്ചാത്തലത്തിലാണ് മാറ്റങ്ങള്‍. എഡിഎസ്-ബി ഡാറ്റ പ്രകാരം, ഡെല്‍ഹിയില്‍ നിന്ന് മെയ് 12 നും മുംബൈയില്‍ നിന്നും മെയ് 4 നും ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ന്യൂവാര്‍ക്കിലേക്കും നോണ്‍-സ്‌റ്റോപ്പ് സര്‍വീസുകള്‍ പുന:സ്ഥാപിച്ചു. കൂടാതെ, വിയന്നയിലെ ഫ്യുവല്‍ സ്റ്റോപ്പ് ഉപേക്ഷിച്ചുവെന്നും ഡാറ്റയില്‍ വ്യക്തമാക്കുന്നു.
ഡെല്‍ഹിയില്‍ നിന്നും A350-900 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് ഇപ്പോള്‍ 15 മണിക്കൂറിലധികമെടുക്കുന്നുണ്ട്. B777-300ER വിമാനങ്ങള്‍ ഉപയോഗിച്ചാണ് മുംബൈയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഡെല്‍ഹിയില്‍ നിന്ന് ചിക്കാഗോ ഓ'ഹെയര്‍, ടൊറന്റോ പിയേഴ്‌സണ്‍, വാഷിംഗ്ടണ്‍ ഡാളസ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ വിയന്ന വഴി തുടരുന്നുണ്ട്.
സാന്‍ ഫ്രാന്‍സിസ്‌കോ, വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാക്കിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം പസഫിക്കിന് മുകളിലൂടെ സര്‍വീസ് നടത്തിയിരുന്ന സര്‍വീസുകളും തുടരുന്നുണ്ട്.
ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങള്‍ മൂലം പാക്കിസ്ഥാനോ, ടിബറ്റന്‍ പീഠഭൂമിയോ കടക്കാന്‍ കഴിയാത്തതിനാല്‍ യൂറോപ്പിലേക്കും വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കുമുള്ള എയര്‍ ഇന്ത്യയുടെ വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് തടസ്സം നേരിടുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.