ഹോങ്കോങിലും സിംഗപ്പൂരിലും കോവിഡ് തരംഗം: പുതിയ കേസുകളില്‍ വര്‍ധന;  മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: May 17, 2025, 10:04 AM

 

 


ജനസാന്ദ്രത കൂടിയ ഹോങ്കോങിലും സിംഗപ്പൂരിലെയും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതായി മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹോങ്കോങിലെ പകര്‍ച്ചവ്യാധി വിഭാഗത്തിന്റെ തലവനായ ആല്‍ബെര്‍ട്ട് ഓ നഗരത്തിലെ കോവിഡ് കേസുകള്‍ ഉയരുകയാണെന്ന് മുന്നറിയിപ്പ് നല്‍കി. ഹോങ്കോങില്‍ കോവിഡ് പോസിറ്റീവ് പരിശോധന നടത്തുന്ന ശ്വസന സാമ്പിളുകളുടെ ശതമാനം അടുത്തിടെ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 

സിംഗപ്പൂരിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ മെയ് മാസത്തില്‍  കൊവിഡ് കേസുകള്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. മെയ് 3 ന് അവസാനിച്ച ആഴ്ചയില്‍ 14,200 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചെന്നാണ് സിംഗപ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പ്രതിരോധശേഷി കുറയുന്നതിന്റെ സൂചനയായിരിക്കാം ഈ വര്‍ദ്ധനവ് എന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു. എന്നാല്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളിലെ കോവിഡ് വ്യാപനം മറ്റ് രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ഉറപ്പായും സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.