കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍: 18നും 34 നും ഇടയില്‍ പ്രായമുള്ളവരുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

By: 600002 On: May 17, 2025, 9:03 AM

 

 

കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിലേക്ക്(CDCP) ഇപ്പോള്‍ കൂടുതല്‍  അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. 18 നും 34 നും ഇടയില്‍ പ്രായമുള്ള അര്‍ഹരായ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള അപേക്ഷകള്‍ വ്യാഴാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങി. ഈ മാസം 29ന് 35 നും 54 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സിഡിസിപി അപേക്ഷകള്‍ വിപുലീകരിക്കും. പ്രതിവര്‍ഷം 90,000 ഡോളറില്‍ താഴെ വരുമാനം നേടുന്ന കനേഡിയന്‍ പൗരന്മാരുടെ ദന്തചികിത്സാ ചെലവ് കുറയ്ക്കുകയാണ് 2023 ല്‍ നടപ്പിലാക്കിയ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. 

കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിന്(സിഡിസിപി) അര്‍ഹതയുള്ള 18 നും 64നും ഇടയില്‍ പ്രായമുള്ള കനേഡിയന്‍ നിവാസികള്‍ക്ക് 2024 ലെ ക്രമീകരിച്ച കുടുംബ അറ്റദായത്തെ അടിസ്ഥാനമാക്കി അപേക്ഷിക്കാന്‍ ക്ഷണിച്ചുകൊണ്ട് കത്തുകള്‍ അയയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. ഇന്‍ഷുറന്‍സില്ലാത്ത 90 ലക്ഷത്തോളം ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാന്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍ സഹായിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു.