ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറലുകൾ വിജയിച്ചതോടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ആൽബെർട്ട വിഘടന വാദം. എന്നാൽ ഈ ആശയത്തോട് എതിർപ്പുള്ളവരും ആൽബർട്ടയിലുണ്ടെന്നാണ് പുറത്ത് വരുന്ന പുതിയ ഡാറ്റകൾ സൂചിപ്പിക്കുന്നത്. മെയ് മാസത്തിൽ ആൽബെർട്ടയിലെ 1,000 പേരിൽ നടത്തിയ സർവ്വെയിലെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ലെഗർ നടത്തിയ സർവ്വെയിൽ പലരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കു വെച്ചത്. തങ്ങൾ ആദ്യം കനേഡിയൻ പൗരൻമാർ ആണെന്നാണ് സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും പറഞ്ഞത്. 21 ശതമാനം പേർ പറഞ്ഞത് തങ്ങൾ പ്രധാനമായും ആൽബെർട്ടൻ ആണെന്നാണ്. ഈ രണ്ട് സ്വത്വവുമുള്ളവരാണ് തങ്ങളെന്നാണ് 32 ശതമാനം പേർ പറഞ്ഞത്. തങ്ങൾ പ്രധാനമായും കനേഡിയൻമാർ എന്ന് പ്രതികരിച്ചവരിൽ 60 ശതമാനം പേർ വേർപിരിയലിനെ എതിർക്കുന്നുമുണ്ട്. മറുവശത്ത് ആൽബെർട്ടനെന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രതികരിച്ച 45 ശതമാനം പേർ വേർപിരിയലിനെ പിന്തുണയ്ക്കുന്നുണ്ട്. ആൽബെർട്ട, സസ്‌കാച്ചെവാൻ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നിവ ചേർന്ന് സ്വതന്ത്ര രാജ്യം രൂപീകരിക്കുന്നതിനാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. സർവേയിൽ പങ്കെടുത്തവരിൽ 35 ശതമാനം പേരും ഈ ആശയത്തെ അനുകൂലിക്കുന്നുണ്ട്. ആൽബെർട്ടയും സസ്‌കാച്ചെവാനും ഒരുമിച്ച് ഒരു സ്വതന്ത്ര രാജ്യം രൂപീകരിക്കുക എന്ന ആശയത്തിനാണ് രണ്ടാമത് കൂടുതൽ പിന്തുണ ലഭിച്ചത്. ഇതിന് 30 ശതമാനം പിന്തുണ ലഭിച്ചു.