രാജ്യത്ത് കൂടുതൽ പൈപ്പ്‌ലൈൻ നിർമ്മിക്കുന്നതിന് മുമ്പ് നിലവിലുള്ള പൈപ്പ്‌ലൈനുകളുടെ ഉപയോഗം പരമാവധിയാക്കണമെന്ന് കനേഡിയൻ സാംസ്കാരിക മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട്. പുതിയ പൈപ്പ്‌ലൈൻ നിർമ്മാണത്തിന് തുറന്ന സമീപനം വേണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി സൂചിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്ഥാവന. കാർണിയുടെ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ പരിസ്ഥിതി മന്ത്രി കൂടിയായ സ്റ്റീവൻ ഗിൽബോൾട്ട്.
ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈനിൻ്റെ ആകെ ശേഷിയുടെ പകുതിയിൽ താഴെ മാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ എന്ന് സ്റ്റീവൻ ഗിൽബോൾട്ട് പറഞ്ഞു. അതിനാൽ പുതിയ പൈപ്പ്‌ലൈൻ നിർമ്മിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ്, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗം പരമാവധിയാക്കണമെന്ന് ഗിൽബോൾട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2028-2029 ആകുമ്പോഴേക്കും ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് കനേഡിയൻ എനർജി റെഗുലേറ്ററും അന്താരാഷ്ട്ര എനർജി ഏജൻസിയും പറയുന്നത്. കാനഡയിലും അത് ഉച്ചസ്ഥായിയിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈനിൻ്റെ യഥാർത്ഥ ഉപയോഗ നിരക്കിനെക്കുറിച്ച് തർക്കങ്ങളും നിലവിലുണ്ട്. കാനഡ എനർജി റെഗുലേറ്ററിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, 2024 ഡിസംബർ വരെ ഉപയോഗം ഏകദേശം 76 ശതമാനത്തോളമാണ്.