മിസ്സിസാഗയില്‍ ഇന്ത്യന്‍ വംശജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുടുംബം. ബുധനാഴ്ച ഉച്ചയ്ക്ക് ട്രാന്‍മേര്‍ ഡ്രൈവിനും ടെല്‍ഫോര്‍ഡ് വേയ്ക്കും സമീപമുള്ള പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് 51കാരനായ ഹര്‍ജീത് സിംഗ് ധദ്ദയാണ് വെടിയേറ്റ് മരിച്ചത്. സിംഗ് തട്ടിപ്പിനിരയായിരുന്നുവെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട 500,000 ഡോളര്‍ നല്‍കാന്‍ വിസമ്മതിച്ചതിന്റെ ഫലമായി സിംഗിനെ ക്രൂരമായി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ഇന്ത്യയില്‍ നിന്നുള്ള തട്ടിപ്പ് സംഘമാണ് തന്റെ പിതാവിനെ ഇരയാക്കിയതെന്ന് മകള്‍ ഗുര്‍ലീന്‍ ധദ്ദ പറഞ്ഞു. പക്ഷേ, അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ പിതാവ് വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് ഗുര്‍ലീന്‍ പറഞ്ഞു. തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെക്കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അത് ഗൗരവമായിയെടുത്തില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. എന്നാല്‍ പീല്‍ റീജിയണല്‍ പോലീസ് ഹോമിസൈഡ് യൂണിറ്റ് ഈ കുടുംബത്തിന്റെ വാദം മുഴുവനായി ശരിവയ്ക്കുന്നില്ല. തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെക്കുറിച്ചും കൊലപാതകവും സംബന്ധിച്ച് ശക്തമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ മറ്റൊന്നും പ്രതികരിക്കാനില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മിസിസാഗ ബിസിനസ് പാര്‍ക്കിംഗ് ലോട്ടിലേക്ക് ഒരു കറുത്ത ഡോഡ്ജ് ചലഞ്ചര്‍ കാര്‍ എത്തിയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.