കാല്‍ഗറി സിറ്റിയില്‍ ഫോട്ടോ റഡാര്‍ സംവിധാനം നിര്‍ത്തലാക്കിയതിനെതിരെ വിമര്‍ശനവുമായി മേയര്‍ ജ്യോതി ഗോണ്ടെക് രംഗത്ത്. ഫോട്ടോ റഡാര്‍ എടുത്തുകളയാനുള്ള ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍ ഇപ്പോള്‍ കാല്‍ഗറി നഗരത്തിലുള്ളവര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോണ്ടെക് ആരോപിച്ചു. നഗരത്തിലെ റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവെന്നും ഇത് ഗൗരവമായി കാണണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
ഈ ആഴ്ച മാത്രം നിരവധി അപകടങ്ങളാണ് കാല്‍ഗറിയിലെ റോഡുകളില്‍ സംഭവിച്ചത്. അപകടകരമായ റോള്‍ഓവര്‍, ഹിറ്റ്-ആന്‍ഡ്-റണ്‍ കേസുകള്‍ എന്നിവ ഫോട്ടോ റഡാര്‍ ഉപയോഗം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുണ്ടായെന്ന് ഗോണ്ടെക് പറഞ്ഞു. ഡ്യൂട്ടിയിലായിരുന്ന ഒരു പാരാമെഡിക്കിന് അപകടത്തില്‍ പരുക്കേറ്റതും ഈയാഴ്ചയാണ്. ഇതെല്ലാം ഫോട്ടോ റഡാര്‍ യൂണിറ്റുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന മേയറിന്റെ ആവശ്യങ്ങള്‍ക്ക് ശക്തി പകരുന്നതാണ്.
ട്രാഫിക് അപകടങ്ങള്‍ക്ക് പ്രധാന കാരണം ഫോട്ടോ റഡാറുകളില്ലാത്തതാണെന്ന് ഗോണ്ടെക് പ്രസ്താവിച്ചു. ഫോട്ടോ റഡാര്‍, റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗമാണെന്ന് മുന്‍ പോലീസ് മേധാവി മാര്‍ക്ക് ന്യൂഫെല്‍ഡ് വാദിച്ചിരുന്നു. എന്നാല്‍ ഇത് പണം കൊള്ളയടിക്കാനുള്ള തന്ത്രമാണെന്ന് ആല്‍ബെര്‍ട്ട ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഡെവിന്‍ ഡ്രീഷന്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇതൊരിക്കലും പണം കൊള്ളയടിക്കാനുള്ള ഉപകരണമായിട്ടല്ല, നിരത്തുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഉപകരണം എന്ന നിലയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗോണ്ടെക് വാദിച്ചു.