പക്ഷിപ്പനി വളര്‍ത്തുപൂച്ചകളിലും; മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍ 

By: 600002 On: May 16, 2025, 8:33 AM

 

 

ലോകമെമ്പാടും കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും മാരകമായ പക്ഷിപ്പനി പടര്‍ന്നുപിടിക്കുകയാണ്. മനുഷ്യനിലേക്ക് പടരുന്നില്ലെങ്കിലും അപൂര്‍വമായി മനുഷ്യനില്‍ വൈറസ് ബാധ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വളര്‍ത്തുപൂച്ചകളില്‍ നിന്നാണ് മനുഷ്യനിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിശോധന നടത്തിയതിന്റെ ഭാഗമായി വളര്‍ത്തുപൂച്ചകളിലും മറ്റ് പൂച്ച വര്‍ഗങ്ങളിലും അണുബാധകളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി കണ്ടെത്തി. പക്ഷിപ്പനി ആശങ്കപ്പെടുത്തുന്ന രോഗമാണെങ്കിലും പൂച്ചകള്‍ പോലുള്ള വളര്‍ത്തുമൃഗങ്ങളില്‍ അണുബാധ അപൂര്‍വമാണ്. എന്നാല്‍ വൈറസ് അതിവേഗത്തില്‍ പടരുന്നതായി പുതിയ ഗവേഷണങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മെയ് 7ന് ഓപ്പണ്‍ ഫോറം ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ പ്രസിദ്ധീകരിച്ച അവലോകനത്തില്‍ വീടിനകത്തും പുറത്തുമുള്ള പൂച്ചകളില്‍ പകുതിയിലേറെ എണ്ണത്തിനും പക്ഷിപ്പനി വൈറസ് ബാധ സ്ഥിരീകരിച്ചതായി പറയുന്നു. വര്‍ധിച്ചുവരുന്ന H5N1 സ്‌ട്രെയിനാണ് പൂച്ചകളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിലേക്കാണ് ഈ പ്രവണത വിരല്‍ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അമേരിക്കയില്‍ വളര്‍ത്തുപൂച്ചകളില്‍ H5N1 കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, 2022 മുതല്‍ 126 പൂച്ചകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയോളം കേസുകള്‍ 2024 ലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കാനഡയില്‍ പൂച്ചകളില്‍ പക്ഷിപ്പനി അണുബാധ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഗ്വാള്‍ഫ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഷയാന്‍ ഷെരീഫ് പറഞ്ഞു. ഓഷവയില്‍ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ഒരു നായ ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം പറയുന്നു.

കാനഡയില്‍ മറ്റ് വളര്‍ത്തുമൃഗങ്ങളിലും വന്യ സസ്തനികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വൈറസിന് കൂടുതല്‍ ജീവി വര്‍ഗങ്ങളിലേക്ക് വ്യാപിക്കാനുള്ള കഴിവിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നു.