'യുദ്ധം അവസാനിക്കില്ല', സൂചനകൾ വ്യക്തമാക്കുന്ന ശരീരഭാഷയുമായി എർദ്ദോഗനും സെലൻസ്കിയും തമ്മിലുള്ള ഹസ്തദാനം

By: 600007 On: May 16, 2025, 7:46 AM

 

 

 

ഇസ്താബൂൾ: തുർക്കിയിൽ വച്ച് നടക്കുന്ന റഷ്യ- യുക്രൈൻ സമാധാന ചർച്ചകൾക്ക് ഏറെ പ്രതീക്ഷകളില്ലെന്ന സൂചനകളുമായി വ്ലാദിമിർ സെലൻസ്കിയും തുർക്കി പ്രസിഡന്റ് തയ്യീബ് എർദ്ദോഗനും തമ്മിലുള്ള കൂടിക്കാഴ്ച ചിത്രങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അഭാവത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തുർക്കി, യുക്രൈൻ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് അങ്ങേയറ്റം അസ്വസ്ഥമായ ശരീര ഭാഷയിലായിരുന്നു. സെലൻസ്കിയും എർദ്ദോഗനും നിശബ്ദമായി ഇരിക്കുമ്പോൾ പ്രകടമായ ശരീര ഭാഷയാണ് സമാധാന ചർച്ചകളിൽ പ്രതീക്ഷകളില്ലെന്ന സൂചന നൽകുന്നതായി വിദഗ്ധർ നിരീക്ഷിക്കുന്നത്. ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ ഹസ്തദാനം നൽകിയ സമയത്തെ മുഖഭാവവും യുദ്ധം അവസാനിക്കില്ലെന്ന സൂചനകളായാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. 

മാധ്യമങ്ങൾക്ക് മുൻപിൽ ചിത്രങ്ങൾക്കായി നിശബ്ദമായി ഇരുന്ന സമയത്ത് അസ്വസ്ഥമായ ശരീര ഭാഷയായിരുന്നു ഇരുനേതാക്കളും പ്രകടിപ്പിച്ചത്. സെലൻസ്കി മറ്റ് രാജ്യത്തിന്റെ നേതാക്കളുമായി കാണുമ്പോൾ ഉള്ളതിനേക്കാൾ തികച്ചും വ്യത്യസ്തമായി തുർക്കി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച.  സെലൻസ്കിയുടെ മുഖത്ത് നോക്കുക പോലും ചെയ്യാതെയായിരുന്നു എർദോഗൻ ഹസ്തദാനം നൽകിയത്. ഇസ്താബൂളിലെ സമാധാന ചര്‍ച്ചയ്ക്ക് പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ ബുധനാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു.