അമേരിക്കന്‍ കര അതിര്‍ത്തികളില്‍ ഫേഷ്യല്‍ ബയോമെട്രിക്‌സ് ഉപയോഗിക്കാനുള്ള പദ്ധതിയുമായി സിബിപി 

By: 600002 On: May 16, 2025, 7:30 AM

 


തങ്ങളുടെ കര അതിര്‍ത്തികളില്‍ ഫേഷ്യല്‍ ബയോമെട്രിക്‌സ് ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(സിബിപി). കാനഡയില്‍ നിന്നും അതിര്‍ത്തി കടക്കുന്ന യാത്രക്കാരെ ഇത് ബാധിക്കും. എന്‍ട്രി/എക്‌സിറ്റ് മിഷന്റെ ഭാഗമായി വടക്ക്, തെക്ക് അതിര്‍ത്തികളിലെ ചില സ്ഥലങ്ങളില്‍ ഏജന്‍സി ക്യാമറ ടെക്‌നോളജി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിബിപി വക്താവ് പറഞ്ഞു. 

കാനഡ, മെക്‌സിക്കോ എന്നിവടങ്ങളുമായുള്ള കര അതിര്‍ത്തികളില്‍ അമേരിക്കയില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ യാത്രക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തും. അമേരിക്കയില്‍ ദീര്‍ഘകാലം താമസിക്കുന്നവരെ ട്രാക്ക് ചെയ്യാന്‍ ഫേഷ്യല്‍ ബയോമെട്രിക് രേഖകള്‍ ഉപയോഗിക്കുമെന്ന് സിബിപി വ്യക്തമാക്കുന്നു. അമേരിക്കയില്‍ നിന്നും പുറപ്പെടുന്ന വാഹനങ്ങളെ ബയോമെട്രിക്കലായി സ്ഥിരീകരിക്കുക എന്നതാണ് ഈ സംവിധാനം ഔട്ട്ബൗണ്ട് വെഹിക്കിള്‍ ലെയ്‌നുകളിലേക്ക് വികസിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് സിബിപി അറിയിച്ചു. അമേരിക്കയിലേക്ക് പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് ബയോമെട്രിക്‌സ് പുതിയ കാര്യമല്ല. 

2002 മുതല്‍ വിസ നല്‍കുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ പൗരന്മാരെ പരിശോധിക്കുന്നതിനും ബയോമെട്രിക് സാങ്കേതികവിദ്യ സിബിപി ഉപയോഗിക്കുന്നുണ്ട്. 2004 ല്‍ വിമാനത്താവളങ്ങളില്‍ നിന്ന് രാജ്യം വിടുന്ന യുഎസ് പൗരന്മാരല്ലാത്ത യാത്രക്കാരില്‍ നിന്നും ബയോമെട്രിക് ഡാറ്റ ശേഖരിക്കാന്‍ അമേരിക്ക ആരംഭിച്ചു. അമേരിക്കയിലെ 58 വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ സുരക്ഷാ നടപടികള്‍ നിലവിലുണ്ട്. കപ്പലിലും കാല്‍നടയാത്രയായും അമേരിക്കയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് സിബിപി ഫേഷ്യല്‍ ബയോമെട്രിക്‌സ് ഉപയോഗിക്കുന്നുണ്ട്.