ഖത്തർ: ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് ആപ്പിൾ സിഇഒയോട് ഖത്തറിൽ വെച്ച് ഡോണൾഡ് ട്രംപ് പറഞ്ഞത്. വെടിനിർത്തൽ സംബന്ധിച്ച അവകാശവാദങ്ങൾക്കിടെ മുകേഷ് അംബാനി ട്രംപിനെ കണ്ടതും വലിയ ചർച്ചയായി.
ഇന്ത്യയിലെ ഉയർന്ന താരിഫ് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. ഇത്ര ജനസംഖ്യയുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ വലിയ ബുദ്ധിമുട്ടാണ് ഇന്ത്യയിൽ. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളും. ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിന് ലോക്കിടുന്നതായിരുന്നു ട്രംപിന്റെ വാക്കുകൾ.
അമേരിക്കയുമായുള്ള ഇന്ത്യയുടെ താരിഫ് ചർച്ചകളിൽ ഇതുവരെ വ്യക്തതയായിട്ടില്ല. നാമമാത്രമായതോ ഒട്ടും താരിഫില്ലാതെയോ ഉള്ള ഡീൽ ഓഫർ ചെയ്യപ്പെട്ടിരുന്നതായാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയ്ക്കും പാക്കിസ്ഥാനും വ്യാപാരം വാഗ്ദാനം ചെയ്താണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന വാദവും ട്രംപ് ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാന വ്യവസായിയായ മുകേഷ് അംബാനി ഖത്തറിൽ അമേരിക്കൻ പ്രസിഡന്റിനെ കണ്ടത്. ലുസൈൽ പാലസിൽ വെച്ച് അത്താഴ വിരുന്നിലായിരുന്നു കൂടിക്കാഴ്ച്ച. അതേ സമയം ആരുടെ താൽപര്യങ്ങൾക്കൊപ്പമാണ് ഈ കൂടിക്കാഴ്ച്ച എന്നതാണ് എക്സ് പ്ലാറ്റ്ഫോമിലെ ചോദ്യങ്ങളും ചർച്ചകളും.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് വ്യവസ്ഥകളെ നേരിടാനായി ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉത്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉത്പാദനം മാറ്റാനും പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്ന സമയത്താണ് ഇന്ത്യയിലെ നിർമ്മാണത്തിനെതിരെ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. വരുന്ന നാളുകളിൽ യുഎസിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും നിർമിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്ന് ടിം കുക്ക് പറഞ്ഞതായി ഈ മാസമാദ്യം എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു.