മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പതിറ്റാണ്ടുകളായി പരോൾ പോലുമില്ലാതെ ജയിലിൽ കഴിയുന്ന സഹോദരങ്ങൾക്ക് പരോൾ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് സഹോദരങ്ങൾ രണ്ടുപേരും.
എറിക് മെനെൻഡെസ്, ലൈൽ മെനെൻഡെസ് സഹോദരങ്ങൾ 1989 -ലാണ് തങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. എറിക്കും ലൈലും തങ്ങളുടെ മാതാപിതാക്കളായ ജോസിനെയും കിറ്റിയെയും കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. വർഷങ്ങളോളം പിതാവിന്റെ പീഡനം സഹിച്ചശേഷമാണ് ഈ ക്രൂരകൃത്യം നടത്തിയത് എന്നാണ് ഇരുവരും പറയുന്നത്.
അതേസമയം ഈ കേസ് വലിയ ജനശ്രദ്ധയാകർഷിച്ചിരുന്നു. മാത്രമല്ല, ഇവരുടെ ബന്ധുക്കളും ഇരുവരേയും വെറുതെ വിടണമെന്നും പിതാവിന്റെ പീഡനം താങ്ങാനാവാതെ നടത്തിയ കൊലപാതകമാണ് ഇത് എന്നുമാണ് കോടതിയിൽ പറഞ്ഞത്.
1989 ഓഗസ്റ്റ് 20 -നാണ് ബെവർലി ഹിൽസിലെ തങ്ങളുടെ വീട്ടിൽ വെച്ച് ലൈലും എറിക്കും മാതാപിതാക്കളായ ജോസിനെയും കിറ്റിയെയും കൊലപ്പെടുത്തിയത്. ഹോളിവുഡ് എക്സിക്യൂട്ടീവായിരുന്നു അവരുടെ പിതാവ്. കൊല്ലുന്നതിന് തലേദിവസമാണ് സഹോദരങ്ങൾ ഇവരെ കൊല്ലാനായി തോക്ക് വാങ്ങിയത്. ആറ് തവണയാണ് ഇവരുടെ പിതാവിന് വെടിയേറ്റിരുന്നത്. അമ്മയ്ക്ക് 10 തവണയും വെടിയേറ്റു.
സഹോദരങ്ങൾ തന്നെയാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് പിതാവിനുണ്ടായിരുന്ന ശത്രുക്കളാരെങ്കിലും ആവാം ഇത് ചെയ്തത് എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, മരണശേഷം ഇരുവരും പണം ധാരാളമായി ചെലവഴിക്കുന്നതും ജീവിക്കുന്നതും കണ്ടപ്പോൾ പൊലീസിന് സംശയം തോന്നിയിരുന്നു. പിന്നീട്, 1990 -ൽ ലൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ തന്റെ തെറാപ്പിസ്റ്റിനോട് സത്യം തുറന്നു പറഞ്ഞ ശേഷം എറിക്കും പൊലീസിൽ കീഴടങ്ങുകയായിരുന്നു.
1993 ജൂലൈയിൽ ലോസ് ഏഞ്ചൽസിലെ ഒരു കോടതിമുറിയിലാണ് സഹോദരന്മാർക്കെതിരെ പ്രത്യേക ജൂറി വിചാരണ നടന്നത്. സാമ്പത്തിക നേട്ടത്തിനുവേണ്ടിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. എന്നാൽ, ലൈലും എറിക്കും കുറ്റസമ്മതം നടത്തുകയും വർഷങ്ങളോളം പിതാവ് തങ്ങളെ വൈകാരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു, സഹിക്കാതെയാണ് കൊല നടത്തിയത് എന്നുമാണ് പറഞ്ഞത്.
എന്നാൽ, 1996 -ൽ സഹോദരങ്ങൾ കുറ്റക്കാരാണ് എന്നാണ് കോടതി പറഞ്ഞത്. പിന്നീട്, പരോൾ പോലുമില്ലാതെ ഇരുവരേയും ഗൂഢാലോചനയ്ക്കും കൊലക്കുറ്റത്തിനും ശിക്ഷിക്കുകയായിരുന്നു. ഒടുവിൽ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇവർക്ക് പരോളിനുള്ള അനുമതി കിട്ടുന്നത്.