വില കുറയ്ക്കുകയല്ല, ഭവന നിർമ്മാണം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് കാനഡയുടെ പുതിയ ഭവന മന്ത്രി ഗ്രിഗർ റോബർട്ട്‌സൺ

By: 600110 On: May 15, 2025, 3:29 PM

 

കാനഡയിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം വീടുകളുടെ വില കുറയ്ക്കുകയല്ല,മറിച്ച് ഭവന നിർമ്മാണം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന്  കാനഡയുടെ പുതിയ ഭവന മന്ത്രി  ഗ്രിഗർ റോബർട്ട്‌സൺ. വീടുകളുടെ വില കുറയേണ്ടതുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭവന നിർമ്മാണം കൂട്ടി വിപണിയിൽ സ്ഥിരത ഉറപ്പാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 

കാനഡയിൽ താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ വിതരണം വർദ്ധിപ്പിക്കുന്നതിലായിരിക്കും ഭവന മന്ത്രി എന്ന നിലയിൽ താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റോബർട്ട്‌സൺ വ്യക്തമാക്കി. വാൻകൂവറിലെ  വീടുകളുടെ ഉയർന്ന വിലയുടെ കാര്യത്തിൽ റോബർട്ട്‌സണെ കുറ്റപ്പെടുത്തി കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ രംഗത്തെത്തിയിരുന്നു.വാൻകൂവറിൽ റോബർട്സൺ മേയറായിരിക്കുമ്പോൾ ഭവന വില കുതിച്ചുയർന്നിരുന്നു. അതിനാൽ റോബർട്സണെ ഭവന വകുപ്പ് ഏല്പിച്ചത് ശരിയായ തീരുമാനം ആണോയെന്ന് പ്രധാനമന്ത്രി മാർക് കാർണിയോടും ചോദ്യം ഉയർന്നിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്തുള്ള ആളാണ് റോബർട്സൺ എന്നായിരുന്നു കാർണിയുടെ പ്രതികരണം. റോബർട്സ്ൺ മേറായിരുന്ന 2008 മുതൽ 2018 കാലയളവിൽ വാൻകൂവറിലെ ഭവന വില ഇരട്ടിയോളം വർദ്ധിച്ചിരുന്നു. എന്നാൽ മറ്റ് നഗരങ്ങളിലും ഇതേ കാലയളവിൽ വിലവർദ്ധന ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് റോബർട്സൻ്റെ പ്രതികരണം. സാമ്പത്തിക വെല്ലുവിളികളുടെ സമയത്തായിരുന്നു മേയറായുള്ള എൻ്റെ കാലാവധി. എന്നാൽ ആ വെല്ലുവിളികളെ മറികടന്ന് താങ്ങാനാവുന്ന വിലയുള്ള ഭവനങ്ങൾ നിർമ്മിക്കുകയും നഗരത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്തെന്ന് റോബർട്സൺ എക്സിൽ കുറിച്ചു.