വിസ ഇല്ലാത്തതിനാൽ അമേരിക്കയിൽ പ്രവേശനം നിഷേധിച്ചതായി കനേഡിയൻ സ്വദേശി. തുടർന്ന് ബ്രസീലിൽ നടക്കുന്ന തൻ്റെ പിതാവിൻ്റെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും യുവതി വ്യക്തമാക്കുന്നു.യാത്രയുടെ ഭാഗമായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, യുണൈറ്റഡ് എയർലൈൻസ് എന്നിവരുമായി ബന്ധപ്പെടേണ്ടി വന്നപ്പോൾ അനുഭവിച്ച സമ്മർദ്ദവും, യുവതി ടിക് ടോക്കിലൂടെ പങ്കു വെച്ചു.
ഒരു കനേഡിയൻ പൗരയായതു കൊണ്ട് മാത്രമാണ് തന്നെ യുഎസിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതെന്ന് യുവതി പറഞ്ഞു. രണ്ട് ഭാഗങ്ങളായി പങ്കു വെച്ച വീഡിയോയിലൂടെയാണ് നൂർ എന്ന് പേരുള്ള യുവതി കാര്യങ്ങൾ വിശദീകരിച്ചത്. കനേഡിയൻ, ബ്രസീലിയൻ പാസ്‌പോർട്ടുകൾ കൈവശമുള്ള നൂർ, മെയ് അഞ്ച്, തിങ്കളാഴ്ച ടൊറന്റോയിൽ നിന്ന് ബ്രസീലിലേക്ക് യുണൈറ്റഡ് എയർലൈൻസിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വാഷിംഗ്ടൺ ഡിസിയിൽ ഒരു ലേ ഓവർ ഉണ്ടായിരുന്നു. ഫെഡറൽ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് , മിക്ക കനേഡിയൻ പൗരന്മാർക്കും കാനഡയിൽ നിന്ന് യുഎസിലേക്ക് പ്രവേശിക്കാൻ സന്ദർശക വിസ, ബിസിനസ്, ട്രാൻസിറ്റ് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വിസകളുടെ ആവശ്യമില്ല. ഒരു കനേഡിയന് യുഎസിൽ പ്രവേശിക്കാൻ വിസ ആവശ്യമായി വന്നേക്കാവുന്ന ചില സാഹചര്യങ്ങളുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒന്നും തനിക്ക് ബാധകമല്ലെന്ന് നൂർ പറയുന്നു. അമേരിക്കയിൽ 30 ദിവസത്തിൽ കൂടുതൽ തങ്ങിയാൽ മാത്രമെ കനേഡിയൻ പൌരന്മാർ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ.പക്ഷെ പോർട്ടോ അലെഗ്രെയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിനായി വെറും ഒന്നര മണിക്കൂർ മാത്രമാണ് വാഷിംഗ്ടണിൽ കാത്തിരിക്കേണ്ടി വരിക. എന്നാൽ തന്നെ അവർ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും നൂർ പറയുന്നു. പേരിലൂടെ അറബ് വംശജയെന്ന് മനസ്സിലായതിനാലാണേോ തന്നെ തടഞ്ഞതെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു.