ജോര്‍ജ് ടൗണില്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സ് മീറ്റപ്പിനിടയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച;18കാരന്‍ പിടിയില്‍ 

By: 600002 On: May 15, 2025, 12:12 PM

 

 

ജോര്‍ജ് ടൗണില്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് വില്‍പ്പനയ്ക്കായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കിടെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ഫോണും മോഷ്ടിച്ച 18 വയസുകാരനെതിരെ കുറ്റം ചുമത്തി. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് മീറ്റപ്പുകളില്‍ ഒന്നിലധികം സായുധ കവര്‍ച്ചകളാണ് ഇയാള്‍ നടത്തിയത്. ജോര്‍ജ്ടൗണ്‍ സ്വദേശിയായ അന്‍-ഖോവ ട്രാന്‍ എന്ന യുവാവിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കവര്‍ച്ച, തോക്ക് ഉപയോഗം, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

മെയ് 4 നാണ് ആദ്യ കവര്‍ച്ച നടന്നത്. മൊബൈല്‍ഫോണ്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ വാങ്ങാനും സ്റ്റീവന്‍സ് ക്രസന്റ് ഏരിയയില്‍ വില്‍പ്പനക്കാരനെ നേരിട്ട്കാണാനും തീരുമാനിക്കുകയായിരുന്നുവെന്ന് ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസ് സര്‍വീസ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ പ്രതി ഒരു ഹാന്‍ഡ്ഗണ്‍ പുറത്തെടുത്ത് ഭീഷണിപ്പെടുത്തി ഇരയുടെ പണം കൊള്ളയടിച്ചു.   

മെയ് 7 നാണ് രണ്ടാമത് സമാനമായ കവര്‍ച്ച നടന്നത്. ഐഫോണ്‍ വാങ്ങാന്‍ തീരുമാനിച്ച ട്രാന്‍, സ്റ്റീവന്‍സ് ക്രസന്റ് ഏരിയയില്‍ വില്‍പ്പനക്കാരനെ നേരിട്ട് കാണാനെത്തി. ഇയാള്‍ക്കു നേരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ട്രാന്‍ പണവും ഫോണുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മെയ് 12 ന് പ്രതിയെ അറസ്റ്റ് ചെയ്തു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ട്രാനിനെ കസ്റ്റഡിയില്‍ വിട്ടു.