2024 ല്‍ വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങള്‍ 84 ശതമാനം വര്‍ധിച്ചതായി ടൊറന്റോ പോലീസ് സര്‍വീസസിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച ടൊറന്റോ പോലീസ് സര്‍വീസസ് ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം 209 വിദ്വേഷ പ്രേരിത കുറ്റങ്ങള്‍ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇതില്‍ എട്ട് കുറ്റങ്ങള്‍ പൊതു വിദ്വേഷ പ്രേരണയ്ക്ക് കാരണമായ കുറ്റങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനും കുറ്റം ചുമത്തലിനും അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്.
വിദ്വേഷം ഉളവാക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപമര്യാദയായി പെരുമാറല്‍, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഹരാസ്‌മെന്റ് എന്നിവയാണ്. മതമാണ് കൂടുതലായും കുറ്റകൃത്യങ്ങളില്‍ പ്രധാനമായും പ്രശ്‌നമാകുന്നത്. ലൈംഗികത, വംശീയത തുടങ്ങിയവയും കുറ്റകൃത്യങ്ങളില്‍ വിഷയമാകാറുണ്ട്.
ജൂതന്മാര്‍, 2SLGBTQ+ വ്യക്തികള്‍, കറുത്ത വംശജര്‍, മുസ്ലീം സമുദായംഗങ്ങള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യന്‍ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും പോലീസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ കൊലപാതകങ്ങള്‍, വെടിവെപ്പുകള്‍, കാര്‍ മോഷണം, വീടുകളില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയവ കുറഞ്ഞതായി പോലീസ് മേധാവി മൈറോണ്‍ ഡെംകിവ് മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.