കാനഡയിൽ നിന്ന് മിഡിൽ ഈസ്റ്റ് ഭീകര സംഘടനയിൽ ചേരാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ യെമൻ പൗരന് ജാമ്യം ലഭിച്ചു. ഇയാൾ ടൊറൻ്റോയിലെ ഒരു പള്ളിയിൽ വീട്ടുതടങ്കലിൽ കഴിയണം. ഹുസാം തഹ അലി അൽ-സെവായിയെ ടൊറൻ്റോയിലെ നോർത്ത് യോർക്ക് ജില്ലയിലെ പള്ളിയിൽ വീട്ടുതടങ്കലിൽ വെക്കാനാണ് കോടതി ഉത്തരവിട്ടത്. പള്ളിയിൽ നിന്ന് പുറത്തുപോകാൻ അദ്ദേഹത്തിന് അനുവാദമില്ല. കൂടാതെ കണങ്കാൽ മോണിറ്റർ ധരിക്കുകയും യാത്രാ രേഖകൾ സമർപ്പിക്കുകയും വിമാനത്താവളങ്ങളിൽ നിന്നും ബോർഡർ ക്രോസിങ്ങുകളിൽ നിന്നും 300 മീറ്റർ അകന്ന് നില്ക്കുകയും വേണം.
അൽ-സെവായിയുടെ മോചനത്തിനായി ഒരാൾ 1,000 ഡോളറിൻ്റെ ബോണ്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇയാളും അൽ സെമായിയും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമായിട്ടില്ല. ടൊറൻ്റോയിൽ നടന്ന ഗാസ പ്രതിഷേധങ്ങളിൽ പങ്കെടുത്ത യെമൻ പൗരനായ അൽ-സെവായീയെ ഏപ്രിൽ 15 ന് ഒൻ്റാരിയോയിലെ മിസിസാഗയിൽ വച്ച് അറസ്റ്റിലായത്. ഭീഷണി മുഴക്കിയതിന് പീൽ റീജിയണൽ പോലീസാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. നാല് ദിവസത്തിന് ശേഷം, ഒരു തീവ്രവാദ സംഘടനയിൽ ചേരാൻ കാനഡ വിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ആർസിഎംപിയുടെ ഇൻ്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അൽ-സെവായിയുടെ മേൽ തീവ്രവാദ കുറ്റം ചുമത്തിയിട്ടില്ല. പകരം, പൊതു സുരക്ഷയെ മുൻനിർത്തി, ഇയാളുടെ നീക്കങ്ങളെ നിയന്ത്രിക്കുന്നതിനായി ടെററിസം പീസ് ബോണ്ട് അനുവദിക്കണമെന്നാണ് പ്രോസിക്യൂട്ടർമാർ ഒൻ്റാരിയോ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.