കാല്‍ഗറി ട്രാന്‍സിറ്റ് ബസ് ഡ്രൈവര്‍ക്ക് നേരെ യുവാക്കളുടെ ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഫാല്‍ക്കണ്‍റിഡ്ജ് ബൊളിവാര്‍ഡ്, കാസ്‌ലെറിഡ്ജ് ബൊളിവാര്‍ഡ് നോര്‍ത്ത് ഈസ്റ്റ് എന്നിവയ്ക്ക് സമീപമുള്ള പ്രദേശത്ത് വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമിച്ച രണ്ട് പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഓടിക്കൊണ്ടിരുന്ന റൂട്ടില്‍ നിന്നും ബസ് വഴിതിരിച്ചുവിടാനുള്ള പ്രതികളുടെ ആവശ്യം നിരസിച്ചതോടെയാണ് ഡ്രൈവര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതികള്‍ ആയുധങ്ങള്‍ എന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. ഡ്രൈവര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക് ആക്രമണത്തെ അപലപിച്ചു. എന്താണ് സംഭവിച്ചതെന്നും ഗതാഗത സുരക്ഷാ നടപടികളെക്കുറിച്ച് പൂര്‍ണമായ അവലോകനം നടത്തുമെന്നും അറിയിച്ചു.