മാനിറ്റോബയില്‍ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു. നിരവധി ഇടങ്ങളിലേക്ക് കാട്ടുതീ വ്യാപിക്കുകയാണ്. നിരവധി പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പ്രവിശ്യയിലുടനീളം 24 തീപിടുത്തങ്ങള്‍ സജീവമായിട്ടുണ്ടെന്നാണ് മാനിറ്റോബ സര്‍ക്കാര്‍ അറിയിക്കുന്നത്. കാട്ടുതീയില്‍ അകപ്പെട്ട രണ്ട് പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കിഴക്കന്‍ മാനിറ്റോബ നഗരമായ ലാക് ഡു ബോണറ്റിലാണ് രണ്ട് പേര്‍ മരിച്ചതെന്ന് ആര്‍സിഎംപി അറിയിച്ചു.
ലാക് ഡു ബോണറ്റ് റീജിയണല്‍ മുനിസിപ്പാലിറ്റിയിലെ വെന്‍ഡിഗോ റോഡിന് സമീപത്ത് നിന്നാണ് മുതിര്‍ന്ന സ്ത്രീയുടെയും പുരുഷന്റെയുമെന്ന് കരുതപ്പെടുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരും കാട്ടുതീയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് വിവരം ലഭിച്ചതായി ആര്‍സിഎംപി പറഞ്ഞു.
നിയന്ത്രണാതീതമായ കാട്ടുതീയും പുകയും മൂലം ഇരുവരുടെയും അടുത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പോലീസ് പറഞ്ഞു. കാട്ടുതീയില്‍ മാറ്റാരും അകപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.