മിസിസാഗയില്‍ യുവതിക്കുനേരെ കൊലപാതക ശ്രമം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു 

By: 600002 On: May 14, 2025, 12:02 PM

 

 

മിസിസാഗയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം 6.20ന് എഗ്ലിന്റണ്‍ അവന്യു ഹുറൊന്റാരിയോ സ്ട്രീറ്റില്‍ വെച്ച് സ്ത്രീയെ ബസില്‍ പിന്തുടര്‍ന്നെത്തിയ പ്രതി കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട പ്രതി ജോണ്‍ നുതലപതി(30)യെ രണ്ട് ദിവസത്തിനു ശേഷം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് ചാര്‍ജ് ചെയ്തു. 

അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ പോലീസ് ആശുപത്രിയിലെത്തിച്ചു. സാരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

കൊലപാതക ശ്രമത്തിന് പിന്നിലുണ്ടായ കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഇരുവരും തമ്മില്‍ പരിചയമില്ല. സംഭവത്തിന് മുമ്പ് ഇരുവരും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.