കാനഡയിലെ ഭൂരിപക്ഷം ജനങ്ങളും ദ്വികക്ഷി സംവിധാനത്തിലേക്കുള്ള മാറ്റത്തെ എതിർക്കുന്നുവെന്ന് സർവേ ഫലം

By: 600110 On: May 14, 2025, 11:32 AM

 

കാനഡയിലെ ഭൂരിപക്ഷം ജനങ്ങളും ദ്വികക്ഷി സംവിധാനത്തിലേക്കുള്ള മാറ്റത്തെ എതിർക്കുന്നുവെന്ന് സർവേ ഫലം. അസോസിയേഷൻ ഫോർ കനേഡിയൻ സ്റ്റഡീസിനു വേണ്ടി  ലെഗർ മാർക്കറ്റിംഗ് നടത്തിയ സർവ്വെയിലാണ് ഇക്കാര്യം വ്യക്തമായത്. മെയ് ഒന്നിനും മൂന്നിനും ഇടയിലാണ് സർവ്വെ നടന്നത്. 1,600-ലധികം കനേഡിയക്കാരുടെ അഭിപ്രായമാണ് ശേഖരിച്ചത്.

കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ ആകെയുള്ള 343 സീറ്റുകളിൽ 313ഉം ലിബറലുകളും കൺസർവേറ്റീവുകളും ചേർന്നാണ് നേടിയത്. എന്നാൽ കാനഡയ്ക്ക് ഒരു ദ്വികക്ഷി സംവിധാനം നല്ലതല്ലെന്നാണ് 49 ശതമാനം പേരും പറയുന്നത്. തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു 30 ശതമാനത്തിൻ്റെ പ്രതികരണം. ഒൻ്റാരിയോയിലെയും ആൽബെർട്ടയിലെയും ജനങ്ങളാണ് ദ്വികക്ഷി സംവിധാനത്തിന് ഏറ്റവും തുറന്ന മനസ്സുള്ളവരെന്ന് പോൾ സൂചിപ്പിക്കുന്നു. ഈ പ്രവിശ്യകളിലെ 23 ശതമാനം ആളുകളും അത് നല്ല കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയിലെ 22 ശതമാനം ആളുകളും ക്യൂബെക്കിലെ 20 ശതമാനം ആളുകളും പറയുന്നത് അത്തരമൊരു സംവിധാനത്തിന് കീഴിൽ കാനഡ കൂടുതൽ മികച്ചതായിരിക്കുമെന്നാണ്.ദ്വികക്ഷി സംവിധാനം കൂടുതൽ മികച്ചതാണെന്ന് കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള 30 ശതമാനം പേർ കരുതുമ്പോൾ, ലിബറലുകളിൽ ഇത് 17 ശതമാനവും എൻഡിപിയിൽ  14 ശതമാനവുമാണ്. ഓൺലൈൻ ആയാണ് സർവ്വെ നടത്തിയത്.