ആൽബെർട്ട വിഘടനവാദത്തെ താൻ എതിർക്കുന്നുവെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. എന്നാൽ ഫെഡറൽ സർക്കാരിൻ്റെ ഭരണത്തിൽ നിരാശരാകാൻ ആൽബെർട്ടക്കാർക്ക് അവകാശമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മാർക്ക് കാർണി പുതിയ ഫെഡറൽ മന്ത്രിസഭ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പൊയിലീവ്രെയുടെ പ്രതികരണം.
താൻ ജനിച്ചു വളർന്നത് ആൽബെർട്ടയിലാണെന്നും, അതിനാൽ വേർപിരിയലിന് താൻ എതിരാണ് എന്നും പൊയിലീവ്രെ പറഞ്ഞു. കാനഡയെ താൻ അത്രയേറെ ഇഷ്ടപ്പെടുന്നു. ഈ രാജ്യത്തെ ഒന്നിപ്പിക്കേണ്ടതുണ്ടെന്നും താൻ കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഐക്യ കാനഡയുടെ ഭാഗമാകാൻ തന്നെയാണ് ആൽബർട്ട നിവാസികൾ ആഗ്രഹിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.പക്ഷേ അവർ ബഹുമാനത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഈ രാജ്യത്തിന് അവർ നൽകുന്ന മഹത്തായ സംഭാവനകൾക്ക് ആദരിക്കപ്പെടാൻ അവർ അർഹരാണ്. എന്നാൽ
ആൽബെർട്ടക്കാർ ഉന്നയിക്കുന്ന പരാതികളെല്ലാം ന്യായവുമാണ്. ആൽബർട്ടയിലെ എണ്ണ വാതക വ്യവസായം കഴിഞ്ഞ പത്ത് വർഷമായി വലിയ തിരിച്ചടിയാണ് നേരിടുന്നതെന്നും പൊയിലീവ്രെ പറഞ്ഞു.
ഫെഡറൽ തിരഞ്ഞെടുപ്പിൽ തൻ്റെ ദീർഘകാല മണ്ഡലമായ കാൾട്ടണിൽ പൊയിലീവ്രെ പരാജയപ്പെട്ടിരുന്നു. പൊയ്‌ലിവ്രെയെ ഹൗസ് ഓഫ് കോമൺസിൽ എത്തിക്കുന്നതിനായി സീറ്റ് രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നതായി എം പി ഡാമിയൻ കുറെക് പ്രഖ്യാപിച്ചതിനെത്തുടർന്ന് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആൽബർട്ടയിലെ ബാറ്റിൽ റിവർ -ക്രോഫൂട്ടിൽ പൊയിലീവ്രെ വീണ്ടും മത്സരിക്കും.