29 അംഗ മന്ത്രിസഭയുമായി പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: May 14, 2025, 10:59 AM

കാനഡയിൽ മന്ത്രിസഭ രൂപീകരിച്ച് പ്രധാനമന്ത്രി  മാർക്ക് കാർണി അധികാരമേറ്റു.  പ്രധാനമന്ത്രി ഉൾപ്പെടെ 29 അംഗങ്ങളുള്ള മന്ത്രിസഭയിൽ 14 പേർ പൂർണ്ണമായും  പുതുമുഖങ്ങൾ ആണ്. ഒമ്പത് മന്ത്രിമാർ പുതുമുഖ എംപിമാരും. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മനീന്ദർ സിംഗ് സന്ധു അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും. ഈ മാസം 27നാണ് പാർലമെൻ്റ് സമ്മേളനം. 
 
ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ചിലരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ട്രൂഡോ കാലഘട്ടത്തിലെ പ്രമുഖരായ ബിൽ ബ്ലെയർ, ജോനാഥൻ വിൽക്കിൻസൺ, ജീൻ-യെവ്സ് ഡക്ലോസ്, കരീന ഗൗൾഡ്, മാർക്ക് മില്ലർ തുടങ്ങിയ മന്ത്രിമാരെ ഒഴിവാക്കി. ധനകാര്യ വകുപ്പ് ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ നിലനിർത്തി. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾക്ക് ഡൊമിനിക് ലെബ്ലാങ്ക് നേതൃത്വം നൽകും. പാറ്റി ഹാജ്ഡു ആണ് തൊഴിൽ, കുടുംബ മന്ത്രി. ഒരു ക്രൈസിസ് കാബിനറ്റ് എന്നാണ്  പൊതുവെ മന്ത്രിസഭയെ വിശേഷിപ്പിക്കുന്നത്. ട്രംപുമായുള്ള വ്യാപാര പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി വെല്ലുവിളികളാണ് മന്ത്രിസഭയെ കാത്തിരിക്കുന്നത്. ഹിഞ്ച് എന്നാണ് കാർണി സ്വന്തം മന്ത്രിസഭയെ വിശേഷിപ്പിക്കുന്നത് . പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് എഴുതി,  ഈ മാസം പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന അദ്ദേഹത്തിൻ്റെ പുസ്തകത്തിന്റെ  പേര് ദി ഹിഞ്ച് എന്നാണ്.