ഗ്യാസ് നികുതി നിരക്ക് സ്ഥിരമായി നിലനിര്‍ത്തുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: May 14, 2025, 8:48 AM

 


ഗ്യാസ് നികുതി നിരക്കുകള്‍ സ്ഥിരമായി നിലനിര്‍ത്തുന്നതിനും പ്രവിശ്യയുടെ ഉടമസ്ഥതയിലുള്ള ഹൈവേ 407 ഈസ്റ്റിലെ ടോള്‍ ഒഴിവാക്കുന്നതിനുമായി നിയമനിര്‍മാണം അവതരിപ്പിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍. അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് ചുമത്തിയ താരിഫുകള്‍ ദൈനംദിന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗ്യാസ് നികുതി നിരക്ക് സ്ഥിരമാക്കാനുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മെയ് 15ന് അവതരിപ്പിക്കുന്ന 2025 ബജറ്റിന്റെ ഭാഗമായി ഈ നിയമനിര്‍ണം നടപ്പിലാക്കും. 

പ്രവിശ്യാ നികുതി നിരക്കുകള്‍ ലിറ്ററിന് ഒമ്പത് സെന്റായി നിലനിര്‍ത്തുന്നതോടെ ഒന്റാരിയോ നിവാസികള്‍ക്ക് പ്രതിവര്‍ഷം ശരാശരി 115 ഡോളര്‍ ലാഭിക്കാമെന്ന് പ്രവിശ്യ പ്രതീക്ഷിക്കുന്നു. അതേസമയം, ഹൈവേ 407 ഈസ്റ്റ് ടോള്‍ നീക്കം ചെയ്യുന്നതോടെ ദൈനംദിന യാത്രക്കാര്‍ക്ക് പ്രതിവര്‍ഷം 7,200 ഡോളര്‍ ലാഭിക്കാമെന്നും ഡഗ് ഫോര്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. 

2022 ജൂലൈ 1ന് ഒന്റാരിയോ ആദ്യ ഘട്ടത്തില്‍ ഗ്യാസോലിന്‍ നികുതി നിരക്ക് ലിറ്ററിന് 5.7 സെന്റും ഡീസല്‍ നികുതി നിരക്ക് ലിറ്ററിന് 5.3 സെന്റും താല്‍ക്കാലികമായി കുറച്ചിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരമാക്കുന്നതിന് മുമ്പ് നാല് തവണ വെട്ടിക്കുറയ്ക്കല്‍ നീട്ടിവെച്ചു. ലെഡ് ഗ്യാസോലിന്‍ അല്ലെങ്കില്‍ വ്യോമയാന ഇന്ധന നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നും അറിയിച്ചു. 

ടോള്‍ ഒഴിവാക്കുന്നതിനുള്ള നിയമനിര്‍മാണം പാസായാല്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ബ്രോക്ക് റോഡ് മുതല്‍ ഹൈവേ 35/115 വരെയുള്ള ഹൈവേ 407 ലെ ടോളുകള്‍ ശാശ്വതമായി നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.