ടൊറൻ്റോയിൽ നിർത്തിയിട്ടിരുന്ന കാറിൽ മുസ്ലീം വിദ്വേഷ മുദ്രാവാക്യങ്ങൾ എഴുതിയും സ്പ്രേ പെയിൻ്റടിച്ചും കാറിന് നാശനഷ്ടം ഉണ്ടാക്കിയ രണ്ടു പേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കി.
വാഹനത്തിൻ്റെ വീഡിയോ ക്യാമറയിൽ സംശയാസ്പദമായി പതിഞ്ഞ ചിത്രങ്ങളാണ് പൊലീസ് പുറത്തു വിട്ടത്.
ഏപ്രിൽ 26 ന് പുലർച്ചെ 3:35 നായിരുന്നു സംഭവം. എറ്റോബികോക്കിലെ സ്റ്റീൽസ് അവന്യൂ. ഡബ്ല്യു., മാർട്ടിൻ ഗ്രോവ് റോഡിൽ നിർത്തിയിട്ട വാഹനമാണ് രണ്ടു പേർ ചേർന്ന് നശിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പുറത്തു വിട്ട ചിത്രത്തിലെ ഒരു പുരുഷൻ ബേസ്ബോൾ തൊപ്പി, സർജിക്കൽ മാസ്ക്, കടും നിറമുള്ള ജാക്കറ്റ്, കടും നിറമുള്ള പാൻ്റ്സ്, ബൂട്ടുകൾ, കയ്യുറകൾ എന്നിവ ധരിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രതിക്ക് മീശയും സൺഗ്ലാസും, ഇരുണ്ട നിറത്തിലുള്ള ഹുഡുള്ള സ്വെറ്ററും, ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും, ഇളം നിറത്തിലുള്ള പാൻ്റും, റണ്ണിംഗ് ഷൂസും, ഗ്ലൗസും ധരിച്ചിട്ടുണ്ട്. ഒരു സ്ലെഡ്ജ്ഹാമറും അയാളുടെ കൈവശമുണ്ടായിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-3500 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ക്രൈം സ്റ്റോപ്പേഴ്‌സിനെ 416-222-TIPS (8477) എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു.