കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ അഭയാർഥി അപേക്ഷകൾ 2024 ൽ റെക്കോർഡ് ഉയരത്തിൽ

By: 600110 On: May 13, 2025, 2:25 PM

 

കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ അഭയാർഥി അപേക്ഷകൾ 2024 ൽ റെക്കോർഡ് ഉയരത്തിലെത്തിയെന്ന് റിപ്പോർട്ട്. 2025ൽ ഇത് വീണ്ടും വർദ്ധിക്കുമെന്നും റിപ്പോർട്ടുണ്ട്. ഫെഡറൽ ഇമിഗ്രേഷൻ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം 20,245 അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് അഭയാർത്ഥി അപേക്ഷകൾ സമർപ്പിച്ചത്. ഈ വർഷം അതിലും കൂടുതൽ അപേക്ഷകൾ ഉണ്ടാകും എന്നാണ് വിലയിരുത്തൽ. 

ഫെഡറൽ സർക്കാർ സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടും അഭയാർത്ഥി അപേക്ഷകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കുടിയേറ്റം സുസ്ഥിര നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മാർക് കാർണി വ്യക്തമാക്കിയിരുന്നു. 2025 ആകുമ്പോഴേക്കും വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് പുതുതായി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. വർഷത്തിലെ ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ,  5,500 അഭയാർത്ഥി അപേക്ഷകളാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾ നൽകിയത്.    കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ വർഷം അഭയം തേടി അപേക്ഷ നൽകിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 2023 ലെ കണക്കുകളുടെ ഇരട്ടിയും 2019 നെ അപേക്ഷിച്ച് ആറ് മടങ്ങ് കൂടുതലുമാണെന്നാണ്. പെർമനൻ്റ് റസിഡൻസിന് വേണ്ടി അപേക്ഷിക്കാനുള്ള മറ്റ് വാതിലുകൾ സർക്കാർ അടച്ചതോടെ അഭയാർഥി അപേക്ഷകൾ കൂടാനാണ് സാധ്യതയെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും വ്യക്തമാക്കുന്നത്.