ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ധനസമാഹരണം നടത്തിയ ടൊറൻ്റോ സ്വദേശിക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചു.വിചാരണ കാത്ത് കസ്റ്റഡിയിൽ കഴിഞ്ഞ സമയം കൂടി കണക്കിലെടുത്ത് ഒമ്പത് വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ട് സ്വരൂപിച്ച ടൊറൻ്റോ സ്വദേശിയായ യൂസഫ്, ഓൺലൈൻ ഫണ്ട് റൈസിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചതായി കോടതിയിൽ സമ്മതിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പിൽ ഉള്ളവർക്കായി പണം സ്വരൂപിച്ച് നൽകാൻ വേണ്ടിയായിരുന്നു ഇത്.
ഭീകരവാദത്തിന് ധനസഹായം നൽകിയതിനും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനും ഒൻ്റാരിയോ സുപ്പീരിയർ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗാസയിലെ പലസ്തീനികൾക്കു വേണ്ടിയും മുസ്ലീം മതപരിപാടികൾക്ക് വേണ്ടിയുമാണ് ധനസമാഹരണം നടത്തുന്നതെന്ന് പറഞ്ഞ യൂസഫ്, ഗോ ഫണ്ട് മി പോലുള്ള ക്രൗഡ് ഫണ്ടിംഗ് സൈറ്റുകൾ വഴിയാണ് സംഭാവനകൾക്ക് അഭ്യർത്ഥിച്ചത്. ഇതിലൂടെ ലഭിച്ച പണം ഐസിസ് അനുകൂലികൾക്ക് അയച്ചുകൊടുക്കുകയാരുന്നു. അവർ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഐസിസ് പതാകയുടെയും ഫോട്ടോകൾ നൽകുകയും അത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു. ഐസിസ് പ്രചാരണത്തിന് പുറമെ ഭീകര സംഘടനയിൽ എങ്ങനെ ചേരാമെന്നും ആക്രമണം നടത്താമെന്നും വ്യക്തമാക്കുന്ന മാനുവലുകൾ തുടങ്ങിയവ തയ്യാറാക്കിയതായും യൂസഫ് കോടതിയിൽ സമ്മതിച്ചു.