100,000 കനേഡിയൻ ഡോളറിലധികം മൂല്യമുള്ള 160 ചെക്കുകളുടെ ഉടമകളെ തിരഞ്ഞ് കാനഡ റവന്യൂ ഏജൻസി. ക്ലെയിം ചെയ്യപ്പെടാത്ത 10 ദശലക്ഷത്തിലധികം ചെക്കുകൾ ഉണ്ടെന്നാണ് കാനഡ റവന്യൂ ഏജൻസി പറയുന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ഇവ അവരുടെ ശരിയായ ഉടമകൾക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ഇവയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്താനാണ് കാനഡ റവന്യൂ ഏജൻസിയുടെ ശ്രമം.
ഓരോ വർഷവും കാനഡ റവന്യൂ ഏജൻസി നികുതി റീഫണ്ടുകളുടെയും ആനുകൂല്യങ്ങളുടെയും രൂപത്തിൽ ദശലക്ഷക്കണക്കിന് പേയ്‌മെൻ്റുകൾ നൽകുന്നുണ്ട്. ഇവ നേരിട്ടുള്ള നിക്ഷേപമായോ ചെക്കായോ ആണ് നൽകുന്നത് എന്ന് CRA വക്താവ് പറയുന്നു. പക്ഷേ ചിലപ്പോൾ ഉടമകൾക്ക് ചെക്കുകൾ കൈമോശം വരികയോ, വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പിഴവ് വരികയോ ചെയ്യാരുണ്ട്. ഇത് ഈ ഫണ്ടുകൾ ക്ലെയിം ചെയ്യാതെ തുടരുന്നതിലേക്ക് നയിക്കുന്നു. സർക്കാർ നൽകിയ ചെക്കുകൾ ഒരിക്കലും കാലഹരണപ്പെടാത്തതിനാൽ നികുതിദായകൻ ഒരിക്കൽ അഭ്യർത്ഥിച്ചാൽ CRA-യ്ക്ക് വീണ്ടും പേയ്‌മെന്റ് നൽകാൻ കഴിയും.
പണമായി മാറാത്ത 10.2 ദശലക്ഷം ചെക്കുകളിൽ ഭൂരിഭാഗവും 1,000 ഡോളറിൽ താഴെ മൂല്യമുള്ളവയാണ്.എന്നാൽ ഇപ്പോഴും $1,000 നും $100,000 നും ഇടയിൽ മൂല്യമുള്ള ഏകദേശം 190,000 വ്യക്തിഗത പേയ്‌മെന്റുകൾ യഥാർത്ഥ ഉടമയെ കാത്ത് CRA യുടെ കൈകളിൽ ഉണ്ട്. കുറഞ്ഞത് $100,000 വിലമതിക്കുന്ന 160 ചെക്കുകൾക്ക് ഉടമകൾ ഇല്ല. 1998 മുതൽ പഴക്കമുള്ള ചെക്കുകളും ഇതിലുണ്ട്.