കാനഡയില്‍ ഓഡോമീറ്റര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു 

By: 600002 On: May 13, 2025, 12:49 PM

 

 

കാനഡയിലുടനീളം ഓഡോമീറ്റര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഓഡോമീറ്റര്‍ തട്ടിപ്പ് വര്‍ധിക്കുകയാണെന്ന് ഒന്റാരിയോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഡസ്ട്രി കൗണ്‍സിലിന്റെ(OMVIC) വക്താവ് പ്രസ്താവനയില്‍ പറയുന്നു. സമീപകാലത്ത് നടന്ന നിരവധി അന്വേഷണങ്ങളില്‍ ഓഡോമീറ്റര്‍ കൃത്രിമത്വം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ കിലോമീറ്റര്‍ ഓടിയ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഓഡോമീറ്ററില്‍ കിലോമീറ്റര്‍ കുറച്ച്കാണിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന പ്രവൃത്തിയാണിത്. വാഹനത്തിന്റെ മൂല്യം ശരിയായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഓഡോമീറ്റര്‍ റീഡിംഗുകളുടെ കൃത്യത പരിശോധിക്കുന്നത് നിര്‍ണായകമാണ്. ഓഡോമീറ്ററില്‍ തട്ടിപ്പ് കാണിക്കുന്നത് പലരും തിരിച്ചറിയുകയുമില്ല. ഇതാണ് തട്ടിപ്പുകാര്‍ക്ക് എളുപ്പമാകുന്നത്. 

ഓഡോമീറ്റര്‍ റോള്‍ബാക്കുകള്‍ യുഎസില്‍ സൂക്ഷമമായി നിരീക്ഷപ്പെടുന്നുണ്ട്. അവിടെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ കണക്കാക്കുന്നത് ഓരോ വര്‍ഷവും 450,000 ത്തിലധികം വാഹനങ്ങള്‍ തെറ്റായ ഓഡോമീറ്റര്‍ റീഡിംഗുകള്‍ ഉപയോഗിച്ച് വില്‍ക്കപ്പെടുന്നുണ്ടെന്നാണ്. ഇത്തരത്തിലുള്ള തട്ടിപ്പ് മൂലം കാര്‍ വാങ്ങുന്നവര്‍ക്ക് പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാക്കുന്നുവെന്നും അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നതിനാല്‍ കൂടുതല്‍ പേരും ഉപയോഗിച്ച കാറുകളിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. ജനുവരി മുതല്‍ ഉപയോഗിച്ച വാഹനങ്ങളുടെ ഡിമാന്‍ഡും വിലയും ഇതിനകം വര്‍ധിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ ഓട്ടോമോട്ടീവ് വിപണിയെക്കുറിച്ചുള്ള ഓട്ടോട്രേഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഓഡോമീറ്റര്‍ തട്ടിപ്പുകളും വര്‍ധിക്കും. ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങുന്നവര്‍ കൃത്യമായി എല്ലാ പരിശോധനകള്‍ക്കും ശേഷം മാത്രമേ വാഹനം വാങ്ങാവൂയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.