കാനഡയില്‍ നിന്നും അമേരിക്കയിലേക്കുള്ള ആളുകളുടെ യാത്ര തുടര്‍ച്ചയായി നാലാം മാസവും കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് തിരികെയെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഏപ്രിലില്‍ അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് വാഹനത്തില്‍ മടങ്ങിയെത്തിയ കനേഡിയന്‍ പൗരന്മാരുടെ എണ്ണം ആകെ 1.2 മില്യണായിരുന്നു. അതായത് 35.2 ശതമാനം കുറവുണ്ടായി. വിമാന മാര്‍ഗം മടങ്ങിയെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായി. ഏപ്രില്‍ മാസത്തില്‍ 5,82,700 കനേഡിയന്‍ പൗരന്മാര്‍ മാത്രമാണ് വിമാനത്തില്‍ അമേരിക്കയില്‍ നിന്നും മടങ്ങിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19.9 ശതമാനം കുറവാണ്.
കാനഡയിലേക്കുള്ള അമേരിക്കന്‍ പൗരന്മാരുടെ എണ്ണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയത്. കാനഡയിലേക്ക് വിമാനമാര്‍ഗം യാത്ര ചെയ്ത അമേരിക്കക്കാരുടെ എണ്ണം 5.5 ശതമാനം കുറഞ്ഞു. കാനഡയില്‍ 289,300 പേരാണ് എത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളും കാനഡയ്‌ക്കെതിരായ വിവാദ പ്രസ്താവനകളും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളുമാണ് കനേഡിയന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.