ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം മൂലം പ്രതിസന്ധിയിലായ ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യ പരിപാലന രംഗത്തിന് ആശ്വാസം പകരുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബീസി സര്‍ക്കാര്‍. പ്രവിശ്യയിലുടനീളമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റിക്രൂട്ട്‌മെന്റ് ക്യാമ്പയിന്‍ ആരംഭിക്കുകയാണെന്ന് പ്രീമിയര്‍ ഡേവിഡ് എബിയും ആരോഗ്യ മന്ത്രി ജോസി ഓസ്‌ബോണും അറിയിച്ചു. രാഷ്ട്രീയ അരഷ്ട്രീയാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലും കാരണം അസംതൃപ്തരായ അമേരിക്കയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും പ്രവിശ്യയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് മാറാന്‍ താല്‍പ്പര്യമുള്ള വിദഗ്ധ ആരോഗ്യപ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനുള്ള അവസരമാണിതെന്ന് ജോസി ഓസ്‌ബോണ്‍ പറയുന്നു. അമേരിക്കയില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് പരിശോധന കൂടാതെ പ്രവിശ്യയില്‍ ലൈസന്‍സ് നേടുന്നതിന് കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ബീസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.