ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഇന്ന് തുടക്കം. അമേരിക്കൻ പ്രസിഡന്‍റ് ആദ്യമെത്തുക സൗദി അറേബ്യയിലാണ്. ലോകം ഉറ്റുനോക്കുന്ന സന്ദർശനത്തിലേക്ക് മറ്റ് ഗൾഫ് നേതാക്കളെ കൂടി സൗദി ക്ഷണിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹറിൻ രാജാവ് ഹമദ് അൽ ഖലീഫ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ ജാബിർ അൽ സബ എന്നിവർക്കാണ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ക്ഷണക്കത്ത് അയച്ചത്. സൗദിയിൽ വെച്ച് നടക്കുന്ന ഗൾഫ് - അമേരിക്ക ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും.
അതേസമയം തങ്ങളുടെ രാജ്യത്തെത്തുന്ന യു എസ് പ്രസിഡന്‍റ് ട്രംപിന് ഖത്തർ വമ്പൻ സമ്മാനം ഒരുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ട്രംപ് നിലവിൽ ഉപയോഗിക്കുന്ന എയർ ഫോഴ്‌സ് 1 വിമാനത്തിന് പകരം ആഡംബര വിമാനമായ ബോയിങ് 747 ജെറ്റ് സമ്മാനിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. 400 ദശലക്ഷം ഡോളർ വിലവരുന്നതാണ് വിമാനം. എ ബി സിന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് ചർച്ചയായതിന് പിന്നാലെ ഡോണൾഡ് ട്രംപ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തി. തികച്ചും സുതാര്യവും പരസ്യവുമായ ഇടപാടെന്നാണ് ഡോണൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.