ഡൈഫെൻഹൈഡ്രാമൈൻ മരുന്ന് വിൽപ്പനയിൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് ക്യൂബെക്ക് കൊറോണർ ആവശ്യപ്പെടുന്നു. നന്നായി ഉറങ്ങാൻ ഉപയോഗിക്കുന്ന ആൻ്റി ഹിസ്റ്റാമൈനും വേദന സംഹാരിയും കൂടിയായ ഡൈഫെൻഹൈഡ്രാമൈൻ, ഫാർമസികളിൽ എളുപത്തിൽ ലഭ്യമാകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും കൊറോണർ ശുപാർശ ചെയ്യുന്നു.
2023 ഡിസംബറിൽ മോൺട്രിയലിന് തെക്ക് ഭാഗത്തായി 18 വയസ്സുള്ള യുവാവ് അമിത അളവിൽ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. ഡിഫെൻഹൈഡ്രാമൈൻ അമിത അളവിൽ ചെന്നാണ് യുവാവിൻ്റെ മരണമെന്ന് സ്ഥിരീകരിച്ചിരുന്നു. 2023 ഡിസംബർ 11 നായിരുന്നു സംഭവം. ബെനാഡ്രിൽ എന്ന ബ്രാൻഡ് ഉൾപ്പെടെയുള്ള ചില ഓവർ-ദി-കൌണ്ടർ ആൻ്റിഹിസ്റ്റാമൈനുകളിൽ ഡൈഫെൻഹൈഡ്രാമൈൻ്റെ അംശങ്ങളുണ്ട്. ഡൈഫെൻഹൈഡ്രാമൈനുമായി ബന്ധപ്പെട്ട് മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, മരുന്നിൻ്റെ അനിയന്ത്രിതമായ ലഭ്യത ചോദ്യങ്ങൾ ഉയർത്തുന്നതായി അസ്വാഭാവിക മരണങ്ങളും മറ്റ് കേസുകളും അന്വേഷിക്കുന്ന കൊറോണർ കണ്ടെത്തി. ഡൈഫെൻഹൈഡ്രാമൈൻ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ശാസ്ത്ര സംഘടനകൾ സാർവത്രികമായി സമ്മതിക്കുന്നുണ്ട്. എന്നിട്ടും അത് നിയന്ത്രണങ്ങളില്ലാതെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നത് സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് കൊറോണർ വ്യക്തമാക്കിയത്.