വാഹനം ഓടിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ ചിത്രം പകർത്താൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്

By: 600110 On: May 12, 2025, 3:02 PM

അമേരിക്കയിൽ നിന്ന് വാഹനത്തിൽ അതിർത്തി കടന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ ചിത്രം അതിർത്തികളിൽ വെച്ച് പകർത്താൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് എപ്പോൾ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതിർത്തി ക്രോസിംഗുകളിൽ എടുക്കുന്ന ഫോട്ടോഗ്രാഫുകൾ യാത്രക്കാരുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കുന്നതിനായി പാസ്‌പോർട്ടുകൾ,ഗ്രീൻ കാർഡുകൾ,വിസകൾ തുടങ്ങിയ യാത്രാ രേഖകളുമായി  ഒത്തുനോക്കും. കാനഡയിലേക്കും മെക്സിക്കോയിലേക്കുമുള്ള ഔട്ട്ബൗണ്ട് ലെയ്‌നുകളിലാക്കും  ഈ സംവിധാനം ആദ്യം നടപ്പാക്കുക.
  
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ  വിപുലീകരണത്തിൻ്റെ കൂടി ഭാഗമാണ്  ഇതെന്ന്  സിബിപി വക്താവ് ജെസീക്ക ടർണർ  പറഞ്ഞു. സിബിപി ഇതിനോടകം തന്നെ യുഎസിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ ഫോട്ടോകൾ എടുക്കുകയും അത് അവരുടെ യാത്രാ രേഖകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. 57 യുഎസ് വിമാനത്താവളങ്ങളിൽ നിന്ന് പുറത്തുകടക്കുന്ന യാത്രക്കാരുടെ ബയോമെട്രിക് ഡാറ്റ,അതായത് ഫോട്ടോ,വിരലടയാളം മുതലായവ സിബിപി ശേഖരിക്കുന്നുണ്ട്. യുഎസിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് കാനഡക്കാർക്കുള്ള ആശങ്ക കൂട്ടുന്നതാണ് പുതിയ നടപടിയെന്നും വിലയിരുത്തലുണ്ട്. അമേരിക്കയിൽ നിന്നും കാനഡയിലേക്ക് മടങ്ങുന്ന ചില ഡ്രൈവർമാർ ബി.സി.-കാനഡ അതിർത്തിയിൽ കൂടുതൽ ചെക്ക്‌പോസ്റ്റുകൾ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.