ആൽബെർട്ടക്കാർ അസ്തിത്വ ഭീഷണി നേരിടുന്നത് ഫെഡറൽ സർക്കാരിൽ നിന്നാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. രാജ്യത്തിൻ്റെ ബാക്കി ഭാഗങ്ങൾക്ക് ഭീഷണി അനുഭവപ്പെടുന്നത് ഡൊണാൾഡ് ട്രംപിൽ നിന്നായേക്കാം. പക്ഷെ ആൽബർട്ടയ്ക്കത് ഫെഡറൽ സർക്കാരിൽ നിന്നാണെന്ന് സ്മിത്ത് പറഞ്ഞു.
ഫെഡറൽ തിരഞ്ഞെടുപ്പിന് ഒരാഴ്ചയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച നാനോസ് റിസർച്ച് പോളുകൾ സൂചിപ്പിക്കുന്നത് ആൽബെർട്ട നിവാസികളിൽ ഏകദേശം 30 ശതമാനം പേരും കാനഡയിൽ നിന്ന് വേർപിരിയുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ്. ആൽബർട്ടയുടെ ഏകപക്ഷീയമായ വേർപിരിയൽ പ്രഖ്യാപനത്തിന് നിയമസാധുത നൽകാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സന്നദ്ധത കണക്കിലെടുക്കുമ്പോൾ, വേർപിരിയൽ കൂടുതൽ പ്രായോഗികമായ ഒരു വഴിയാണെന്ന് ആൽബെർട്ടക്കാർ വിശ്വസിക്കുന്നു എന്നതിൻ്റെ തെളിവാണ് പുതിയ കണക്കുകളന്നും സ്മിത്ത് പറയുന്നു. കഴിഞ്ഞ 10 വർഷമായി ആൽബർട്ടയോടുള്ള ഫെഡറൽ സർക്കാരിൻ്റെ നിലപാടിനോട് ജനങ്ങൾക്കുള്ള പ്രതിഷേധം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സ്മിത്ത് പറഞ്ഞു.
ഊർജ്ജ മേഖലയുടെ വളർച്ച ശക്തിപ്പെടുത്തുന്നതിനായി പൈപ്പ്‌ലൈനുകളും സാമ്പത്തിക ഇടനാഴികളും നിർമ്മിക്കുന്നതിനുള്ള ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും സ്മിത്ത് പറഞ്ഞു. ആറ് മാസത്തിനകം ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇക്കാര്യത്തിൽ മറ്റ് പ്രവിശ്യകളുടെ പ്രീമിയർമാരുമായി സഹകരണ സാധ്യതകൾ തേടും. ബിസിയുമായി ചേർന്ന് പ്രവർത്തിക്കാനായൽ വലിയ അവസരമാണ് ഇരു പ്രവിശ്യകളെയും കാത്തിരിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു. കാനഡയിൽ നിന്ന് വേർപിരിയണമെന്ന ഒരു വിഭാഗത്തിൻ്റെ നിലപാടിനെക്കുറിച്ച് താൻ ഇപ്പോൾ ഏറെ ആശങ്കപ്പെടുന്നില്ലെന്നും സ്മിത്ത് വ്യക്തമാക്കി. ആൽബെർട്ടയിലെ ജനങ്ങളെ ഞാൻ വിശ്വസിക്കുന്നു, എന്തൊക്കെ വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കേണ്ടതെന്ന് അവർക്ക് അറിയാം. ഒരു തുറന്ന സംവാദത്തിലൂടെ അവർ ശരിയായ ഉത്തരങ്ങൾ കണ്ടെത്തുമെന്നും സ്മിത്ത് പറഞ്ഞു.