കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍: ഈ ആഴ്ച മുതല്‍ കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും 

By: 600002 On: May 12, 2025, 11:41 AM

 


കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിലേക്ക്(CDCP)  ഈ ആഴ്ച മുതല്‍ കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. 2023 ല്‍ നടപ്പാക്കിയ പ്രോഗ്രാമില്‍ പ്രതിവര്‍ഷം 90,000 ഡോളറില്‍ താഴെ വരുമാനം നേടുന്ന കനേഡിയന്‍ പൗരന്മാരുടെ ദന്തചികിത്സാ ചെലവുകള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒമ്പത് മില്യണ്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാന്‍ ദന്തപദ്ധതി സഹായിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു. 

മെയ് 15 വ്യാഴാഴ്ച മുതല്‍ കാനഡയില്‍ താമസിക്കുന്ന 18 വയസിനും 34 നും ഇടയില്‍ പ്രായമുള്ള അര്‍ഹരായ ആളുകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ മാസം 29 ന് 35 നും 54 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സിഡിസിപി യോഗ്യത കൂടുതല്‍ വിപുലീകരിക്കും. 

കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിന് അര്‍ഹതയുള്ള 18 നും 64 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ 2024 ലെ ക്രമീകരിച്ച കുടുംബ അറ്റദായത്തെ അടിസ്ഥാനമാക്കി അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് കത്തുകള്‍ അയക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഡെന്റല്‍ കെയര്‍ പ്ലാനിനെക്കുറിച്ച് കൂടുതല്‍ അറിയാനും അപേക്ഷിക്കാനും സര്‍ക്കാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.